ഗുട്ടഹള്ളിയിലെ ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി!!

ബെംഗളൂരു: ഗുട്ടഹള്ളിയിലെ സാമ്രാട്ട് ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി.

മഹാരാഷ്ട്ര സ്വദേശിയായ ബാലാജി (25), രാജസ്ഥാൻ സ്വദേശികളായ ബലവാൻ സിങ്‌ (23), ഓം പ്രകാശ് (27), ശ്രീറാം ബിഷ്‌നോയി (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടുതോക്കുകളും മൂന്ന് മൊബെൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സ്വർണപ്പണിക്കാരായ ഓംപ്രകാശും ബാലാജിയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേരും കവർച്ചയിൽ ഇവരെ സഹായിച്ചവരാണ്.

പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ പോലീസ്‌സംഘത്തിന് സിറ്റി പോലീസ് കമ്മിഷണർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ജൂവലറിയിൽ ഓംപ്രകാശും ബാലാജിയും തോക്കുചൂണ്ടി കവച്ചയ്ക്ക് ശ്രമിച്ചത്.

ജൂവലറി ഉടമ ആശിഷിന്റെയും ഭാര്യ രാഖിയുടെയും അവസരോചിതമായ ഇടപെടലിനെത്തുടർന്നാണ് ശ്രമം പരാജയപ്പെട്ടത്. പ്രത്യേകരൂപത്തിലുള്ള സ്വർണമന്വേഷിച്ചെത്തിയ സംഘത്തിന് ഉടമയും ഭാര്യയും ആഭരണങ്ങൾ എടുത്തുകാണിച്ചു. ഉടനെ ഓംപ്രകാശ് തോക്കെടുത്ത് മുകളിലേക്ക് വെടിവെച്ചു. പിന്നീട് ആശിഷിന്റെ നേരെയും തോക്കുചൂണ്ടി.

ഇതോടെ തൊട്ടടുത്തുനിന്ന രാഖി ഇരുമ്പു കസേരയെടുത്തെറിഞ്ഞു. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ കാബിനിൽ തട്ടി ഓംപ്രകാശിന്റെ കൈവശമുണ്ടായിരുന്ന തോക്ക് നിലത്തുവീണു. ഇതോടെ ആശിഷ് അക്രമികളെ കീഴടക്കാനെത്തി. ശബ്ദംകേട്ട് സമീപത്തെ കടകളിലെ ജീവനക്കാരുമെത്തിയതോടെ അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ വ്യാളിക്കാവൽ പോലീസ് നടത്തിയ പരിശോധനയിൽ കവർച്ചക്കാരുടെതെന്നു സംശയിക്കുന്ന ബൈക്ക് കണ്ടെത്തി. കടയിലെയും സമീപപ്രദേശങ്ങളിലെയും സി.സി. ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചതോടെ പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിനു ലഭിച്ചു. സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ദമ്പതിമാരുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us