ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കുസമീപം ആനേഗൊണ്ടിയിലെ പുരാതന ശവകുടീരം നിധിക്കുവേണ്ടി പൊളിച്ച സംഭവത്തിൽ ആറ് ആന്ധ്രാ സ്വദേശികൾ പിടിയിൽ. 16-ാം നൂറ്റാണ്ടിലെ മതപണ്ഡിതനായിരുന്ന വ്യാസരാജ തീർഥയുടെ ശവകുടീരം കഴിഞ്ഞ വ്യാഴാഴ്ചയാണു പൊളിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ആരാധിച്ചുപോരുന്ന കുടീരമാണിത്.
ബാലനനരസിംഹ(42), പൊല്ലാരി മുരളി മനോഹർ റെഡ്ഡി(33), ഡി. മനോഹർ(27), കുമന്ത് കേശവ(29), വിജയകുമാർ(36), ശ്രീരാമലു(45) എന്നിവരാണ് പിടിയിലായത്. താതപത്രി, അനന്തപുര തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്.
ശവകുടീരത്തിൽ വജ്രങ്ങളും സ്വർണവും നിക്ഷേപിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രദേശവാസികൾക്കുണ്ടായിരുന്നു. ഇതു കേട്ടറിഞ്ഞാണ് പ്രതികൾ നിധി മോഷ്ടിക്കാനെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആറുപേരുംചേർന്ന് രാത്രിയിൽ ശവകുടീരം കുത്തിപ്പൊളിക്കുകയായിരുന്നു. ഏറെക്കാലമെടുത്താണ് ശവകുടീരം കുത്തിപ്പൊളിക്കാനുള്ള പദ്ധതി പ്രതികൾ ആവിഷ്കരിച്ചത്.
ഒട്ടേറെ പ്രദേശങ്ങളിൽനിന്ന് ഇവർ വിവരശേഖരണം നടത്തുകയും സ്ഥലത്ത് പലതവണ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. അധികമാരുമെത്താത്ത പ്രദേശമായിരുന്നതിനാൽ ഇവർ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നുമില്ല. ആദ്യഘട്ടത്തിൽ കുഴിക്കാൻ തൊഴിലാളികളെ എത്തിച്ചെങ്കിലും വിശുദ്ധസ്ഥലമെന്നുപറഞ്ഞ് അവർ പിൻവാങ്ങി.
തുടർന്ന് ആറുപ്രതികളുംചേർന്ന് കുഴിക്കാൻ തീരുമാനിക്കുകയായിരുന്നു. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. നേരത്തേ ഒട്ടേറെ പ്രദേശങ്ങളിൽ സംഘം നിധിവേട്ട നടത്തിയിരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ശവകുടീരം തകർത്തതിൽ വൻപ്രതിഷേധമാണ് പ്രദേശത്തുയർന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.