ചെന്നൈ: വരൾച്ചയുടെ പിടിയിലായ ചെന്നൈക്ക് സൗജന്യ കുടിവെള്ളം നൽകി മലയാളി ചായക്കടകൾ. ചുട്ടുപൊള്ളുന്ന വേനലിൽ ദാഹിച്ചെത്തുന്ന ആർക്കും ആശ്രയമാകുകയാണ് മലയാളികൾ നടത്തുന്ന ആയിരക്കണക്കിന് ചായക്കടകൾ.
നഗരപരിധിയിൽ പ്രവർത്തിക്കുന്ന നാലായിരത്തോളം ചായക്കടകളിൽ 90 ശതമാനവും നടത്തുന്നത് മലയാളികളാണ്. പതിനായിരങ്ങൾക്കാണ് ഇവരിപ്പോൾ നിത്യേന കുടിവെള്ളം നൽകുന്നത്. ചായകുടിക്കാൻ എത്തുന്നവർ ആവശ്യപ്പെട്ടാൽ നൽകുന്നതിനാണ് മുമ്പ് കുടിവെള്ളം ഒരുക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആർക്കും വെള്ളം ലഭിക്കും.
വെള്ളത്തിന്റെ വിലവർധിച്ചിട്ടും സൗജന്യ കുടിവെള്ളവിതരണം മുടക്കാൻ ചായക്കടക്കാർ തയ്യാറല്ല. അതിനാൽ വരൾച്ച കടുത്തതോടെ കൂടുതൽ വെള്ളം വാങ്ങിവെക്കുകയാണെന്ന് ഇവർ പറയുന്നു. ദാഹിച്ചെത്തുന്നവരെ വെള്ളംകൊടുക്കാതെ മടക്കരുതെന്ന് എല്ലാ കടയുടമകളോടും നിർദേശിച്ചിട്ടുണ്ടെന്ന് ചായക്കട ഉടമസ്ഥസംഘം പ്രസിഡന്റ് ടി. അനന്തൻ പറഞ്ഞു.
ചെന്നൈ സെൻട്രലിൽ ചായക്കട നടത്തുന്ന രാജീവൻ ഒരു ദിവസം 60 കന്നാസ് വെള്ളംവരെ ഇങ്ങനെ സൗജന്യമായി കൊടുക്കുന്നു. 20 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 35 മുതൽ 45 രൂപ വരെ വിലയുണ്ട്. മിക്ക ചായക്കടകളുടെയും മുന്നിൽത്തന്നെ വെള്ളത്തിന്റെ കന്നാസ് വെച്ചിട്ടുണ്ട്. ചിലർ മൺകലത്തിലാണ് വെള്ളംവെച്ചിരിക്കുന്നത്.
വേനലായതോടെ ചായക്കച്ചവടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ലാഭംനോക്കാതെ കുടിവെള്ളം നൽകുകയാണെന്ന് മാമ്പലത്ത് ചായക്കട നടത്തുന്ന വി.കെ. പ്രദീപ് പറഞ്ഞു. ചായ കുടിക്കാതെ വെള്ളംചോദിക്കാൻ മടിയുള്ളവരുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുറത്ത് കടയ്ക്കുമുന്നിൽ വെള്ളംവച്ചിരിക്കുന്നതെന്ന് ചൂളൈയിൽ ചായക്കട നടത്തുന്ന ഡൗട്ടൻ മോഹൻ പറഞ്ഞു. ചായക്കടയിൽ കയറാതെതന്നെ ആർക്കും വെള്ളംകുടിച്ചു മടങ്ങാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.