പ്രാധാന്യം കുറയുന്നു;മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി;നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി അനുനയ നീക്കം.

ന്യൂഡല്‍ഹി :മന്ത്രിസഭാ സമിതികളിൽ നിന്ന് തഴഞ്ഞതിലുള്ള രാജ്‍നാഥ് സിംഗിന്‍റെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ രാജ്‍നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്.

എന്നാൽ മന്ത്രിസഭയിലെ പുതുമുഖമായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയിരുന്നു. തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് രാജ്‍നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇടഞ്ഞ രാജ്‍നാഥ് സിംഗിനെ തണുപ്പിക്കാൻ ഒടുവിൽ നാല് മന്ത്രിസഭാ ഉപസമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. ആർഎസ്എസ് ഇടപെട്ടാണ് പ്രശ്നം തണുപ്പിച്ചത്.

മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്‍നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. അമിത് ഷായെ നീക്കി പാർലമെന്‍ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്‍നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിൽക്കൂടി രാജ്‍നാഥ് സിംഗ് ഇപ്പോൾ അംഗമാണ്. എട്ടിൽ ആറ് സമിതികളിലും രാജ്‍നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കടുത്ത പ്രതിഷേധമറിയിച്ചതോടെ വിവാദം ഒഴിവാക്കാൻ രാജ്‍നാഥിനെ നാല് പ്രധാന ഉപസമിതികളിൽക്കൂടി അംഗമാക്കി കേന്ദ്രസർക്കാർ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തുകയായിരുന്നു.  നേരത്തേ രാജ്‍നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.

അതേസമയം, സർക്കാരിലുള്ള അധികാരമുറപ്പിച്ച് അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനായി. എട്ടെണ്ണത്തിലും അദ്ദേഹത്തിന് അംഗത്വവും നൽകി. അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

പാർലമെന്‍ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നൽകിയ പ്രധാനചുമതല. പാർലമെന്‍റ് സമ്മേളനം എപ്പോൾ ചേരണമെന്നതുൾപ്പടെ സുപ്രധാനമായ നിരവധി തീരുമാനങ്ങൾ എടുക്കുന്ന സമിതിയാണ് പാർലമെന്‍ററി കാര്യ ഉപസമിതി. ഈ പദവിയിലാണ് രാജ്‍നാഥ് സിംഗിനെ ഇപ്പോൾ മാറ്റി നിയമിച്ചത്.

ദില്ലിയിൽ ആർക്കൊക്കെ സർക്കാർ വീടുകൾ നൽകണമെന്ന തീരുമാനമെടുക്കുന്ന സമിതിയാണ് ഷാ അധ്യക്ഷനായ മറ്റൊരു മന്ത്രിസഭാ സമിതി. രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിർണയിക്കുന്ന നിയമനകാര്യസമിതിയിൽ ആകെ രണ്ട് പേരാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

ഏറ്റവും സുപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന നിയമനകാര്യസമിതിയുടെ കടിഞ്ഞാൺ ഇവരുടെ കയ്യിൽ മാത്രമാണ്. രാജ്‍നാഥ് സിംഗിന്‍റെ പ്രതിഷേധം വിവാദമായപ്പോഴും ഈ സുപ്രധാനസമിതിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‍നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. ഗുജറാത്തിലേതെന്ന പോലെ മോദി താക്കോൽസ്ഥാനത്തിരുന്നപ്പോൾ അമിത് ഷാ ആഭ്യന്തരമന്ത്രിയായി. മന്ത്രിസഭയിൽ പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്‍ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്‍നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‍വഴക്കം. ഈ സാഹചര്യത്തിൽക്കൂടിയാണ് രാജ്‍നാഥ് സിംഗിനെ ഇതിൽ രണ്ടിലും ഉൾപ്പെടുത്താതിരുന്നത് വലിയ ചർച്ചാ വിഷയമായത്. കഴിഞ്ഞ തവണ പ്രതിരോധമന്ത്രിയായിരുന്ന നിർമലാ സീതാരാമൻ രാഷ്ട്രീയകാര്യഉപസമിതിയിൽ അംഗമായിരുന്നു താനും.

പുതിയ ഘടന അനുസരിച്ച്, മന്ത്രിസഭാ ഉപസമിതികളിലെ അംഗങ്ങൾ ഇവരാണ്:

സാമ്പത്തിക കാര്യ ഉപസമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ, സദാനന്ദ ഗൗഡ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, സുബ്രഹ്മണ്യം ജയശങ്കർ, ധർമേന്ദ്രപ്രധാൻ എന്നിവർ അംഗങ്ങൾ.

പാർലമെന്‍ററി കാര്യസമിതിയിൽ രാജ്‍നാഥ് സിംഗാകും അധ്യക്ഷൻ. പ്രധാനമന്ത്രി, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, രവിശങ്കർ പ്രസാദ്, രാംവിലാസ് പസ്വാൻ, തവർ ചന്ദ് ഗെലോട്ട്, പ്രകാശ് ജാവദേക്കർ, പ്രഹ്ളാദ് ജോഷി എന്നിവർ അംഗങ്ങൾ.

സുരക്ഷാ കാര്യ ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, എസ് ജയശങ്കർ എന്നിവർ അംഗങ്ങൾ.

നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന ഉപസമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷൻ. രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‍കരി, നിർ‍മലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ അംഗങ്ങൾ.

തൊഴിൽ, മാനവവിഭവശേഷി വികസനം എന്ന മന്ത്രിസഭാ ഉപസമിതി പുതുതായി രൂപീകരിച്ചതാണ്. ഇതിന്‍റെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. അംഗങ്ങൾ: രാജ്‍നാഥ് സിംഗ്, അമിത് ഷാ, നിർമലാ സീതാരാമൻ, നരേന്ദ്രതോമർ, പിയൂഷ് ഗോയൽ, രമേശ് പൊഖ്‍റിയൽ നിശാങ്ക്, ധർമേന്ദ്രപ്രധാൻ, മഹേന്ദ്രസിംഗ് പാണ്ഡേ, സന്തോഷ് ഗാംഗ്‍വർ, ഹർദീപ് സിംഗ് പുരി എന്നിവർ അംഗങ്ങൾ. ഈ സമിതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രത്യേക ക്ഷണിതാക്കളിലൊരാളാണ്.

നിയമനകാര്യസമിതി: രണ്ട് പേർ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

രാഷ്ട്രീയകാര്യസമിതി: ഒരു സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് സഖ്യകക്ഷികളടങ്ങിയ രാഷ്ട്രീയകാര്യസമിതിയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ കാലത്തും പിന്നീട് യുപിഎ സർക്കാരിന്‍റെ കാലത്തും രാഷ്ട്രീയകാര്യസമിതിക്ക് വലിയ പ്രധാന്യമുണ്ടായിരുന്നു. സഖ്യകക്ഷികൾക്ക് സർക്കാരിന്‍റെ നയങ്ങളിൽ സ്വാധീനം ചെലുത്താൻ ഈ സമിതിയിലെ ചർച്ചകളിലൂടെ കഴിഞ്ഞു. എന്നാലിപ്പോൾ കൃത്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള മോദി സർക്കാരിന്‍റെ കാലത്ത് ഈ സമിതിയ്ക്ക് വലിയ പ്രാധാന്യമില്ല. എല്ലാം തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയും തന്നെയാകും.

ഇതിലെ അംഗങ്ങൾ: നരേന്ദ്രമോദി (അധ്യക്ഷൻ), അമിത് ഷാ, രാജ്‍നാഥ് സിംഗ്, നിതിൻ ഗഡ്‍കരി, നിർമലാ സീതാരാമൻ, രാംവിലാസ് പസ്വാൻ (എൽജെപി), നരേന്ദ്രസിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ (അകാലിദൾ), ഹർഷവർധൻ, അരവിന്ദ് ഗൺപത് സാവന്ത് (ശിവസേന), പ്രഹ്ളാദ് ജോഷി എന്നിവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us