ബെംഗളൂരു: അനധികൃതമായി നഗരത്തിൽ താമസിച്ച 21 വിദേശികൾ പിടിയിൽ. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളുള്ളവരാണ് പലരും. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് 21 പേരും. ശനിയാഴ്ച രാവിലെയാണ് വിവിധ പ്രദേശങ്ങളിൽ സിറ്റി പോലീസും ഫോറിനേഴ്സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ.) ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്.
വിസാകാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിച്ചുവന്നരാണ് 11 പേർ. രണ്ടുപേരെ വ്യാജ പാസ്പോർട്ട് കൈവശംവെച്ചതിനാണ് പിടികൂടിയത്. ഒരാൾ മയക്കുമരുന്നു കടത്തിയ കേസിലെ പ്രതിയാണ്. പിടിയിലായ മറ്റുള്ളവർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുമുണ്ട്. ജയനഗർ, ജെ.പി. നഗർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കവർച്ചനടത്തിവന്നിരുന്ന സംഘവും പിടിയിലായവരിൽ ഉൾപ്പെടും.
ജയനഗറിലെ വീട്ടിൽനടന്ന മോഷണശ്രമത്തിനിടെ സി.സി.ടി.വി.യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങൾ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ബൈരതി, നാഗനെഹള്ളി, ഹെഗ്ഡെ നഗർ, നാരായണപുര തുടങ്ങിയ പ്രദേശങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അടുത്തദിവസങ്ങളിൽ വിദേശികൾ കൂട്ടമായി താമസിക്കുന്ന, നഗരത്തിലെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാർഥി വിസയിൽ എത്തുന്നവരും ടൂറിസ്റ്റ് വിസയിൽ എത്തുന്നവരും കാലാവധി കഴിഞ്ഞാലും നഗരത്തിൽ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എഫ്.ആർ.ആർ.ഒ. പരിശോധനയ്ക്ക് നിർദേശം നൽകിയത്. മയക്കുമരുന്നുകടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാണ് വിസാകാലാവധി കഴിഞ്ഞവരിൽ ഭൂരിഭാഗവും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.