ബട്‌ലര്‍ ചതിക്കുഴിയിൽ വീണു, ഒപ്പം രാജസ്ഥാനും. പഞ്ചാബിനു വിജയം!!

ജയ്പൂര്‍: ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു നാടകീയ വിജയം. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്തു 14 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബ് പിടിച്ചുകെട്ടുകയായിരുന്നു.

ഒരു ഘട്ടത്തില്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ അനായാസ ജയത്തിന് അരികെയായിരുന്നു. എന്നാല്‍ തികച്ചും അസാധാരണമായ രീതിയില്‍ ബട്‌ലര്‍ റണ്ണൗട്ടായത് കളിയിലെ വഴിത്തിരിവായി. ബൗള്‍ ചെയ്യാനെത്തിയ അശ്വിന്‍ പന്തെറിയും മുമ്പ് ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കറായ ബട്‌ലറെ റണ്ണൗട്ടാക്കുകയായിരുന്നു. ഫീൽഡ് അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. മൂന്നാം അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

തുടര്‍ന്നു അശ്വിനുമായി വാഗ്വാദത്തിലേര്‍പ്പെട്ട ബട്‌ലര്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ കുപിതനായാണ് കളം വിട്ടത്. 43 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 69 റണ്‍സെടുത്ത ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ബട്‌ലര്‍ മടങ്ങിയതോടെ രാജസ്ഥാന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി.

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണർമാരായ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ജോസ് ബട്‌ലറുo തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 49 പന്തിൽ നിന്ന് 78 റൺസ് അടിച്ചെടുത്തു. 20 പന്തിൽ നിന്ന് നാലു ബൗണ്ടറികളോടെ 27 റൺസെടുത്ത രഹാനെയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

മലയാളി താരം സഞ്ജു സാംസണ്‍ 30 റണ്‍സില്‍ പുറത്തായപ്പോള്‍ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന് 19 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (27) രണ്ടക്കം കടന്ന മറ്റൊരാള്‍. രാജസ്ഥാനു വേണ്ടി സാം കറെന്‍, മുജീബുര്‍ റഹ്മാന്‍, അങ്കിത്ത് രാജ്പുത്ത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് നാലു വിക്കറ്റിനാണ് 184 റണ്‍സ് നേടിയത്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ (79) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന് കരുത്തായത്. 47 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു സൂപ്പര്‍ താരത്തിന്റെ ഇന്നിങ്‌സ്. ഗെയ്‌ലിനെക്കൂടാതെ സര്‍ഫ്രാസ് ഖാന്‍ (46*), മായങ്ക അഗര്‍വാള്‍ (22), നിക്കോളാസ് പ്യുറാന്‍ (12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 29 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് സര്‍ഫ്രാസ് 46 റണ്‍സ് നേടിയത്. എന്നാല്‍ ലോകേഷ് രാഹുലിന് നാലു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസിനൊപ്പം 84 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 54 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ ഗെയ്‌ലിനു കഴിഞ്ഞു. രാഹുലിനെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിനു നഷ്ടമായിരുന്നു. രാജസ്ഥാനു വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും കെ ഗൗതവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us