മൂന്ന് ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖം രക്ഷിക്കാൻ ബിജെപി; കുത്തിനോവിക്കാൻ ദളും കോൺഗ്രസ്സും

ബെംഗളൂരു: കോൺഗ്രസ് ദൾ സഖ്യത്തെ തകർത്ത് കുമാരസ്വാമി സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബി.ജെ.പി. പ്രതിരോധത്തിലായി. സ്വതന്ത്രൻ അടക്കം രണ്ട് എം.എൽ.എ.മാർ സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോൾ ഓപ്പറേഷൻ താമരയുടെ ആദ്യഘട്ടം വിജയിച്ചുവെന്നായിരുന്നു ബി.ജെ.പി.യുടെ പ്രതികരണം. എന്നാൽ, നീക്കം പാളിയതോടെ ഇത്തരമൊരു നീക്കം നടത്തിയില്ലെന്ന വാദവുമായി നേതാക്കൾ രംഗത്തെത്തി.

ഹരിയാണയിലെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന എം.എൽ.എ.മാരെ കർണാടകത്തിലേക്ക് തിരിച്ചെത്തിക്കാൻ നേതൃത്വം നിർബന്ധിതരായി. ലിംഗായത്ത് ആത്മീയാചാര്യനും തുമകൂരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമിയുടെ ആരോഗ്യനില മോശമായതാണ് ബി.ജെ.പി.യെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ശിവകുമാരസ്വാമിയുടെ ആരോഗ്യനില മെച്ചപ്പെടാതെ രാഷ്ട്രീയനീക്കം നടത്താൻ ബി.ജെ.പി.ക്ക് കഴിയില്ല.

കോൺഗ്രസ് വിമതപക്ഷത്തുണ്ടായിരുന്ന എം.എൽ.എ.മാരിൽ ഭൂരിഭാഗം പേരും തരിച്ചെത്തുകയും ചെയ്തു.  ഭരണപക്ഷത്തെ എം.എൽ.എ.മാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. തങ്ങളുടെ എം.എൽ.എ.മാരെ സ്വാധീനിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതിനെത്തുടർന്നാണ് സാമാജികരെ ഡൽഹിക്ക് മാറ്റിയത്. കോൺഗ്രസ് എം.എൽ.എ.മാർ മുംബൈയിൽ തങ്ങുന്നതിൽ ബി.ജെ.പി.ക്ക് പങ്കില്ല. സഖ്യസർക്കാരിലെ വിഭാഗീയത മറക്കാൻ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രം ചർച്ചചെയ്യാനാണ് എം.എൽ.എ.മാരോടൊപ്പം ഹോട്ടലിൽ കഴിഞ്ഞതെന്നും യെദ്യൂരപ്പ പറഞ്ഞു.

എന്നാൽ ബി.ജെ.പി.ക്കെതിരേ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി  രംഗത്തെത്തി. സ്വന്തം പാർട്ടി എം.എൽ.എ.മാരെ ബി.ജെ.പി. ഹരിയാണയിൽ തടവിൽവെച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി. നേതാക്കൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് മൂന്നുദിവസത്തെ സംഭവങ്ങൾക്ക് കാരണം. കോൺഗ്രസ്, ദൾ എം.എൽ.എ.മാരെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന യെദ്യൂരപ്പയുടെ പ്രസ്താവനയെ കുമാരസ്വാമി പരിഹസിച്ചു. ഭരണപക്ഷത്തെ എം.എൽ.എ.മാരെ തടവിലാക്കിയിട്ടില്ലെന്നും ബി.ജെ.പി.യാണ് സ്വന്തം എം.എൽ.എ.മാരെ റിസോർട്ടിലാക്കിയതെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള യെദ്യൂരപ്പയുടെ ആഗ്രഹം നടക്കില്ലെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us