കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് ഫ്ലൈബസ്‌ സര്‍വീസ് നടത്താന്‍ തയ്യാറായി കര്‍ണാടക.ആര്‍.ടി.സി.

ബെംഗളൂരു: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് കർണാടക ആർ.ടി.സി.യുടെ ഫ്ളൈ ബസും സർവീസ് തുടങ്ങും. ബെംഗളൂരുവിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ളൈ ബസ് സർവീസ് നടത്താൻ കർണാടക ആർ.ടി.സി. സമ്മതമറിയിച്ചു.

കേരളത്തിന്റെ അനുമതി ആവശ്യപ്പെട്ട് ഉടൻ കേരള ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കത്തയക്കും. കേരളത്തിന്റെ അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം.പ്രധാനമായും കുടക്, വിരാജ്‌പേട്ട, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഫ്ളൈ ബസ് സർവീസ് നടത്തുന്നത്. ഈ ഭാഗങ്ങളിലുള്ളവർക്ക് ബെംഗളൂരു വിമാനത്താവളത്തേക്കാൾ എളുപ്പം കണ്ണൂർ വിമാനത്താവളമാണ്.

ഭാവിയിൽ ഈ ഭാഗങ്ങളിലുള്ളവർ വിമാനയാത്രയ്ക്ക് കണ്ണൂരിനെ ആശ്രയിക്കാൻ തുടങ്ങും. കൃത്യമായ ഇടവേളകളിൽ ഫ്ളൈ ബസ് സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് സുഖമായി കണ്ണൂർ വിമാനത്താവളത്തിലെത്താൻ സാധിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ളൈ ബസ് വേണമെന്നാവശ്യപ്പെട്ട് കുടക് പാസഞ്ചേഴ്‌സ് ഫോറം കർണാടക ആർ.ടി.സി. എം.ഡി.ക്ക് കത്തയച്ചിരുന്നു.ഫ്ളൈ ബസ് സർവീസ് നടത്താൻ കോഴിക്കോട് വിമാനത്താവളവും കണ്ണൂർ വിമാനത്താവളവുമാണ് കർണാടക ആർ.ടി.സി.യുടെ പരിഗണനയിലുണ്ടായിരുന്നത്.

എന്നാൽ, കോഴിക്കോട്ടേക്ക്‌ ഇന്റർനാഷണൽ സർവീസുകൾ കുറവായതിനാൽ കണ്ണൂർ വിമാനത്താവളത്തെ തിരഞ്ഞെടുക്കുകയായിരുന്നു. കൂടാതെ കുടക്, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് കണ്ണൂർ അടുത്തായതും ഇവിടേക്ക്‌ ഫ്ളൈ ബസ് സർവീസിന് സാധ്യത കൂട്ടി.

ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, വിരാജ്‌പേട്ട, മാക്കൂട്ടം, ഇരിട്ടി വഴിയായിരിക്കും ഫ്ളൈ ബസ് സർവീസ് നടത്തുക. കേരള ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതനുസരിച്ച് ബസുകളുടെ സമയം ക്രമീകരിക്കും. മൾട്ടി ആക്സിൽ വോൾവൊ ബസുകളാണ് ഫ്ളൈ ബസ് ആയി ഉപയോഗിക്കുക. കെമിക്കൽ ശുചിമുറി, ലെതർ സീറ്റ്, വിമാനങ്ങളുടെ ആഗമനവും പുറപ്പെടൽ സമയവും കാണിക്കുന്ന ഡിസ്‌പ്ലേ, ജി.പി.എസ്. സംവിധാനം, സമയനിഷ്ട, വൃത്തി, അത്യാധുനിക ശീതീകരണം തുടങ്ങിയവയാണ് ഫ്ളൈ ബസിന്റെ പ്രത്യേകതകൾ.

നിലവിൽ കർണാടക ആർ.ടി.സി. ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മംഗളൂരു, മൈസൂരു, മടിക്കേരി, സേലം, കുന്ദാപുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫ്ളൈ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

http://h4k.d79.myftpupload.com/archives/23972

കൂടുതല്‍ ബാംഗ്ലൂര്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ പേജ് ലൈക് ചെയ്യുക =>>

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us