ഗുജറാത്ത് പ്രതിസന്ധിയില്‍; ബിഹാര്‍, യുപി സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളുടെ കൂട്ടപ്പലായനം തുടരുന്നു. അക്രമണം ഭയന്ന് അമ്പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാര്‍ ഗുജറാത്തിൽ നിന്ന് ഓടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്. ഇതേ ചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പഴിചാരലും ശക്തമായി.

സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ വ്യാപക ആക്രമങ്ങള്‍ ഉണ്ടായത്.  ഇത് പിന്നീട് ഹിന്ദി സംസാരിക്കുന്നവര്‍ക്ക് നേരെയുള്ള ആക്രമമായി തീരുകയായിരുന്നു.

സംഭവത്തിന്‍റെ തീവ്രത വർധിച്ചതോടെ കുറ്റാരോപിതനായ അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ഭീഷണികളുമായി ഒട്ടേറെ വീഡിയോകളും സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകൾ പ്രചരിപ്പിച്ചു. അധികൃതർ സംഭവത്തെ ഒതുക്കാൻ ശ്രമിച്ചെങ്കിലും, ഇത്തരം ഭീഷണികൾ മുഴക്കിയ ഒട്ടനവധി ആളുകളെ അറസ്റ്റ് ചെയ്യേണ്ടി വന്നു.

ഈ സംഭവത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയായിരുന്നു. മർദ്ദനങ്ങൾ കൊലപാതകത്തിലേക്ക് ഒന്നും നയിച്ചില്ലെങ്കിലും നാട്ടുകാരുടെ സമീപനം അന്യസംസ്ഥാന തൊഴിലാളികളെ വല്ലാതെ ഭീതിയിലാക്കി.

ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസ് എം.എൽ.എ അൽപേശ് ഠാക്കൂര്‍ അധ്യക്ഷനായ താക്കൂര്‍ സേനയെന്ന ആരോപണം ബി.ജെ.പി ആവര്‍ത്തിക്കുകയാണ്. ആക്രമണത്തില്‍ രാഹുല്‍ അസ്വസ്ഥനാണെങ്കില്‍ അല്‍പേശ് താക്കൂറിനെ ആദ്യം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ബിജെപി വക്താവ് സാംപിത് പാട്ര ആവശ്യപ്പെട്ടു.

എന്നാൽ ആക്രണത്തിന് പിന്നിൽ താക്കൂര്‍ സേനയെന്ന ബി.ജെ.പി ആരോപണം അല്‍പേശ് താക്കൂർ തള്ളി. ഛത് പൂജയ്ക്കുവേണ്ടി നാട്ടില്‍ പോകണമെന്ന് ഇതര സംസ്ഥാനക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് ഇവര്‍ ഗുജറാത്തില്‍ നിന്നും പോകുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ അല്‍പേരഷ് താക്കൂര്‍ പറയുന്നത്.

ഇതര സംസ്ഥാനക്കാര്‍ക്ക് ഗുജറാത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട രാഹുൽ ഗാന്ധി തൊഴിലില്ലായ്മയാണ് യുവാക്കള്‍ അസ്വസ്ഥരാകുന്നതിന് കാരണമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമര്‍ശിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങൾ ഉള്ള ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പ്രതിസന്ധിയാണ്. തങ്ങളുടെ നാട്ടിലേക്കും ഗ്രാമങ്ങളിലേയ്ക്കും മടങ്ങിയ ഇവർ തിരികെ എത്തുമോ എന്ന് അറിയാതെ തകർച്ചയുടെ വക്കിലാണ് പല കട കമ്പോളങ്ങളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us