ഇനി മൈസുരു ദസറ ആഘോഷത്തിന്റെ നാളുകൾ ;ദസറക്കെത്തിയ ആനകൾക്ക് സ്വീകരണം നൽകി.

മൈസൂരു: പ്രൗഢിയും പാരമ്പര്യത്തനിമയും നിറഞ്ഞുനിന്ന ചടങ്ങിൽ ദസറ ഗജഘോഷയാത്രയ്ക്കായി നഗരത്തിലെത്തിയ ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വരവേല്പ് നൽകി. ചാമുണ്ഡേശ്വരി വിഗ്രഹം പ്രതിഷ്ഠിച്ച സ്വർണ അമ്പാരിയേന്തുന്ന അർജുന ഉൾപ്പെടെ ആറ്‌ ആനകൾക്കാണ് കൊട്ടാരമുറ്റത്ത് വരവേല്പ് നൽകിയത്. മന്ത്രി ജി.ടി. ദേവഗൗഡയും മറ്റും ആനകൾക്ക് വിശിഷ്ടഭക്ഷണം നൽകി സ്വീകരിച്ചു. കൊട്ടാരത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ ഗജപൂജയും നടത്തി.

കുടകിലെ ആനത്താവളങ്ങളിൽനിന്ന് നഗരത്തിലെത്തിയ ആനകളെ അശോകപുരത്തെ ആരണ്യഭവനിലാണ് പാർപ്പിച്ചിരുന്നത്. ആരണ്യഭവനിൽ വൈകീട്ട് മൂന്നരയ്ക്ക് നടന്ന ഗജപൂജയ്ക്കുശേഷമാണ് കൊട്ടാരത്തിലേക്ക് ഇവയെ ആനയിച്ചത്. അഞ്ചുമണിയോടെ കൊട്ടാരത്തിന്റെ കവാടത്തിലെത്തിയ ആനകളെ ആഘോഷപൂർവം കൊട്ടാരമുറ്റത്തേക്ക് സ്വീകരിച്ചു. ബാൻഡ് മേളം, അശ്വാരൂഢസേന, പരമ്പരാഗത പോരാളികളുടെ ആയുധാഭ്യാസം തുടങ്ങിയവ ചടങ്ങിന് പ്രൗഢിയേകി. കൊട്ടാരമുറ്റത്ത് ഒരുക്കിയ പ്രത്യേക സ്ഥാനത്തെത്തിച്ച ശേഷമാണ് വിശിഷ്ടഭോജ്യങ്ങളും മറ്റും ആനകൾക്ക് നൽകിയത്.

12 ആനകളാണ് വിജയദശമിദിവസം നടക്കുന്ന ഗജഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിലെത്തിയ അർജുന, വിക്രമ, ധനഞ്ജയ, വരലക്ഷ്മി, ചൈത്ര, ഗോപി എന്നീ ആനകൾക്കാണ് കൊട്ടാരത്തിൽ സ്വീകരണം നൽകിയത്. 850 കിലോഗ്രാം ഭാരംവരുന്ന സ്വർണ അമ്പാരി കഴിഞ്ഞ ആറുവർഷമായി എഴുന്നള്ളിക്കുന്നത് 58-കാരനായ അർജുനയാണ്. ബലരാമ, ദ്രോണ, അഭിമന്യു എന്നിവ ഉൾപ്പെടെ ആറ്‌്‌ ആനകളുംകൂടി എത്തിയശേഷം ഇവയുടെ പരിശീലനം ആരംഭിക്കും. ആനകളോടൊപ്പമെത്തിയ പാപ്പാന്മാർക്കും പരിശീലകർക്കും താമസിക്കാൻ കൊട്ടാരവളപ്പിൽ പ്രത്യേകസൗകര്യമൊരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us