ഗണേശ ചതുർഥി ആഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ;പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച 800 ഗണേശ വിഗ്രഹങ്ങള്‍ പിടിച്ചെടുത്തു.

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ. ഇത്തവണ പരിസ്ഥിതിസൗഹൃദ ആഘോഷങ്ങളും ചടങ്ങുകളുമാണ് ബെംഗളൂരു കോർപ്പറേഷനും വിവിധ സന്നദ്ധസംഘടനകളും ലക്ഷ്യമിടുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പകരം കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിർദേശം. സന്നദ്ധസംഘടനകൾ ഇത്തരം വിഗ്രഹങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബർ 13-നാണ് ഗണേശ ചതുർഥി.

നഗരത്തിലെ 198 വാർഡുകളിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മൊബൈൽ ടാങ്കുകളെത്തിക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്. തടാകങ്ങളിലും മറ്റു ജലാശയങ്ങളിലും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞവർഷം പ്ലാസ്റ്റിക്കിൽ നിർമിച്ച ഒട്ടേറെ ഗണേശവിഗ്രഹങ്ങളാണ് ബെംഗളൂരുവിലെ തടാകങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്തത്. പ്ലാസ്റ്റർ ഓഫ് പാരീസ് തടാകങ്ങളിലെ വെള്ളം വൻതോതിൽ മലിനമാക്കുന്നുവെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞവർഷം നഗരത്തിലെ വിവിധ ജലാശയങ്ങളിൽ നിമജ്ജനം ചെയ്തത് 3.48 ലക്ഷം ഗണേശവിഗ്രഹങ്ങളാണ്. ഇതിൽ വലിയൊരുഭാഗം പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ചതാണ്. ഇത്തണ കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ മാത്രം നിമജ്ജനം ചെയ്യുന്നതും മൊബൈൽ ടാങ്കുകൾ ഒരുക്കുന്നതും ജലാശയങ്ങളുടെ മലിനീകരണം പതിന്മടങ്ങായി കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളുമായും അധികൃതർ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്.

എച്ച്.എസ്.ആർ. ലേഔട്ടിലെ സിറ്റിസൺഫോറം, വൈറ്റ് ഫീൽഡിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഉത്സവ് തുടങ്ങിയ സംഘടനകളാണ് കളിമണ്ണുകൊണ്ടുനിർമിച്ച ഗണേശവിഗ്രഹങ്ങൾ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുന്നത്. ഗ്രീൻ ഉത്സവ് സെപ്‌റ്റംബർ ഏഴുമുതൽ കളിമണ്ണുകൊണ്ട് ഗണേശവിഗ്രഹങ്ങൾ നിർമിക്കുന്നതിന് പ്രത്യേക പരിശീലനം നൽകും.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും ബെംഗളൂരു കോർപ്പറേഷനും ചേർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച 800 വിഗ്രഹങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം, വിഗ്രഹങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ ഒട്ടേറെയുള്ള മൈസൂരു റോഡ്, കമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തവണ പ്ലാസ്റ്റർ ഓഫ് പാരീസ് പൂർണമായി ഒഴിവാക്കിയെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us