ബെംഗളൂരു: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സാമ്പത്തികമേഖല (എസ്.ഇ.സെഡ്.) യുടെ മാതൃകയിൽ പ്രത്യേക കാർഷിക ഉത്പാദനമേഖലകൾ (എസ്.എ.പി.സെഡ്.) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർപദ്ധതി. ആറു നഗരങ്ങളുടെ അമ്പത് കിലോമീറ്റർ ചുറ്റളവിലാണ് പ്രത്യേക കാർഷികമേഖലകൾ വരുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 25 കോടിരൂപവീതം സർക്കാർ മുതൽമുടക്കും.
ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, മംഗളൂരു, കലബുർഗി തുടങ്ങിയ നഗരങ്ങളോട് ചേർന്നാണ് കാർഷികമേഖലകൾ സ്ഥാപിക്കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ നിലവാരം പരിശോധിക്കാനുള്ള ലാബുകൾ, അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറു കൃഷിത്തോട്ടങ്ങൾ, കാർഷികോത്പ്പന്നങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, കർഷികോത്പ്പന്നങ്ങളുടെ ലേലകേന്ദ്രങ്ങൾ എന്നിവയാണ് ഈ മേഖലകളിൽ പ്രവർത്തിക്കുക.
സ്ഥലം കണ്ടെത്തുന്നതിനൊപ്പം ഇവിടേക്കുള്ള വൈദ്യുതി, റോഡുകൾ, ജലലഭ്യത തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഒരുക്കും. ചുരുങ്ങിയത് 500 ഏക്കറായിരിക്കും ഒരോ സോണിന്റെയും വിസ്തൃതി. സ്ഥലത്തിന്റെ 70 ശതമാനം കാർഷിക അനുബന്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. 30 ശതമാനം കച്ചവടം, സംഭരണ ശാലകൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. സർക്കാറിന് നൽകേണ്ട ഒട്ടുമിക്ക നികുതിയിലും ഇളവുകളും നൽകും. നഗരങ്ങളോടുചേർന്ന കാർഷിക മേഖലയുടെ വികസനമാണ് പ്രധാനമായും ഇത്തരം പ്രത്യേകമേഖലകൾ കൊണ്ട് ലക്ഷ്യമിടുന്നത്. കാർഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്കും ഊന്നൽ നൽകും.
മുൻസർക്കാറിന്റെ കാലത്ത് നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന പദ്ധതികളിലൊന്നാണിത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപേകാൻ സർക്കാറിന് കഴിഞ്ഞില്ല. പ്രത്യേക കാർഷികമേഖലയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉടൻ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.