തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ബിഗ്സല്യൂട്ട്!
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിന് പുറമെ 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുകള്‍ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തമേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. അവരെ അനുമോദിക്കാനും അവര്‍ക്ക് സ്വീകരണം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനെത്തിയത്.
സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും ചെറിയ റോഡുകളിലൂടെയുമെല്ലാം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളുമായാണ് ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.