ബെംഗളൂരു : വടക്കൻ കർണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന രാഷ്ട്രീയ വിലപേശലിനു ശക്തിയേറുന്നു. പ്രത്യേക സംസ്ഥാനം ആവശ്യമില്ലെന്നാണു പ്രതിപക്ഷനേതാവ് ബി.എസ് യെഡിയൂരപ്പയടക്കമുള്ളവരുടെയും ബിജെപിയുടെയും ഔദ്യോഗിക നിലപാടെങ്കിലും വേണമെന്ന ആവശ്യവുമായി പാർട്ടി എംഎൽഎ ബി.ശ്രീരാമുലു രംഗത്തെത്തി.
മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച ബജറ്റിൽ വടക്കൻ ജില്ലകളെ അവഗണിച്ചെന്ന് ആരോപിച്ച്, പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതിയും ഉത്തര കർണാടക വികാസ വേദികെയും ഓഗസ്റ്റ് രണ്ടിനു ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മേഖലയിലെ 13 ജില്ലകളെ സാരമായി ബാധിച്ചേക്കാവുന്ന ബന്ദ് ആണിത്. ഇതിനു പുറമെ മന്ത്രിസഭയിൽ മേഖലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അർഹമായ ഇടം ലഭിച്ചിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സംസ്ഥാന സർക്കാരിനു സമ്മർദമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണിതിനു പിന്നിലെന്നു കോൺഗ്രസും ജനതാദളും ആരോപിക്കുന്നു.
അതേ സമയം, പ്രത്യേക സംസ്ഥാന ആവശ്യത്തിന്മേൽ തുറന്ന സംവാദത്തിനു വേദിയൊരുക്കാൻ തയാറാണെന്നു കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വടക്കൻ കർണാടകയിൽ നിന്നുള്ള നേതാക്കൾക്കു മന്ത്രിസഭാ പുനഃസംഘടനയിൽ വ്യക്തമായ പ്രാതിനിധ്യം ലഭിക്കുമെന്നു പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും വ്യക്തമാക്കി. പ്രത്യേക സംസ്ഥാനമെന്ന ആശയം, പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നാണു ബി.എസ്. യെഡിയൂരപ്പയുടെ നിലപാട്. വടക്കൻ ജില്ലകളിൽ വികസനം വഴിമുട്ടി നിൽക്കുകയാണെങ്കിൽ ഇതിനുള്ള പരിഹാരം പ്രത്യേക സംസ്ഥാന രൂപീകരണമല്ലെന്നും ഇത്തരമൊരു ആവശ്യം ഏതു പാർട്ടി ഉന്നയിച്ചാലും ന്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.