താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ ചുരം വഴി സർവീസ് നടത്തും.

ബെംഗളൂരു : താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ബെംഗളൂരുവിൽനിന്നുള്ള കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകൾ ചുരം വഴി സർവീസ് നടത്തും. സ്വകാര്യ ബസുകൾക്കു ചുരം വഴി സർവീസ് നടത്താൻ അനുമതിയില്ല.കനത്ത മഴയെ തുടർന്നാണ് കഴിഞ്ഞ ദിവസം താമരശേരി ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരത്തിനു കോഴിക്കോട് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.

കേരള ആർടിസിയുടെ മൾട്ടി ആക്സിൽ ബസുകൾക്ക് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള വോൾവോ ഇന്നലെ സർവീസ് നടത്തിയില്ല. പകരം ഡീലക്സ് ബസ് ഏർപ്പെടുത്തി. ഇന്നു മുതൽ വോൾവോ പതിവു സർവീസ് നടത്തും.

മൈസൂരു വഴിയുള്ള തിരുവനന്തപുരം സ്കാനിയ സർവീസുകളും മുടക്കം കൂടാതെ സർവീസ് നടത്തി. ബെംഗളൂരുവിൽനിന്നു കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ കുട്ട, മാനന്തവാടി, പക്രംതളം ചുരം, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര വഴിയാണു സർവീസ് നടത്തുന്നത്.പക്രംതളം ചുരം വഴിയുള്ള റോഡിന്റെ ശോച്യാവസ്ഥ കാരണം സ്വകാര്യ എസി മൾട്ടി ആക്സിൽ ബസുകളുടെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

മാക്കൂട്ടം ചുരം പാതയിലൂടെ ഭാരവാഹനങ്ങൾക്ക് അനുമതി നൽകാത്ത സാഹചര്യത്തിൽ കണ്ണൂർ, പയ്യന്നൂർ ഭാഗത്തേക്കുള്ള കേരള – കർണാടക ആർടിസി, സ്വകാര്യ ബസുകളും മാനന്തവാടി, കൊട്ടിയൂർ വഴിയാണു സർവീസ് നടത്തുന്നത്. കഴിഞ്ഞ മാസം താമരശേരി ചുരത്തിന്റെ രണ്ടാം വളവിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്നു രണ്ടാഴ്ചയോളം ബസ് സർവീസുകൾ ബദൽ പാതകളിലൂടെയാണു കടത്തിവിട്ടിരുന്നത്.

ചുരത്തിൽ രണ്ടാം വളവിനടുത്തു ദേശീയപാതയ്ക്കു കുറുകെ മരം കടപുഴകി വീണ് ഒന്നര മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ റോഡിന് ഇരുഭാഗത്തും ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. മുക്കത്തുനിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു നീക്കി വൈകിട്ട് ഏഴോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ചിപ്പിലിത്തോട്ടിൽ റോഡ് ഇടിഞ്ഞുകിടക്കുന്നിടത്തുനിന്നു നൂറു മീറ്ററോളം മാറിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരം വീണത്. വാഹനങ്ങൾ അപകടത്തിൽപെടാതെ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ചിപ്പിലിത്തോട്ടിൽ റോഡ് ഇടിഞ്ഞുകിടക്കുന്ന ഭാഗത്തു വാഹന ഗതാഗതം ഇനിയും പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടെ വാഹനങ്ങൾ വൺവേ ആയാണു കടന്നുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us