രാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തുമായി ദിനേഷ് ഗുണ്ടുറാവു.

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ദിനേശ് ഗുണ്ടുറാവു വിനെ പ്രസിഡന്റ് ആയി നിയമിച്ചു.   കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രായം കുറഞ്ഞവർ വേണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ താത്‌പര്യമാണ് ദിനേഷ് ഗുണ്ടുറാവുവിന് അനുകൂലമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തിയുണ്ടായിരുന്നു. സഖ്യ സർക്കാർ രൂപവത്കരിച്ചപ്പോൾ ദിനേഷ് ഗുണ്ടുറാവുവിനെ ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി ചർച്ച നടത്തിയപ്പോൾ അധ്യക്ഷസ്ഥാനം ദിനേഷ്ഗുണ്ടുറാവുവിന് ലഭിക്കുമെന്നുറപ്പായിരുന്നു.

എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, എം.ബി. പാട്ടിൽ, ഡി.കെ.ശിവകുമാർ എന്നിവർ അധ്യക്ഷ സ്ഥാനത്തിനായി സമർദം ശക്തമാക്കിയപ്പോൾ നിയമനം അനിശ്ചിതത്തിലായി. എന്നാൽ മന്ത്രി കൃഷ്ണ ബൈരഗൗഡ അടക്കമുള്ള പ്രായം കുറഞ്ഞ നേതാക്കൾ ദിനേഷ് ഗുണ്ടുറാവുവിനായി നിലകൊണ്ടു. സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഗുണ്ടുറാവുവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 48- കാരനായ ദിനേഷ് ഗുണ്ടുറാവു നേതൃസ്ഥാനത്തേക്ക് വരുന്നത് ലോകസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

ദിനേഷ് ഗുണ്ടുറാവുവിനെ അധ്യക്ഷനാക്കിയുള്ള തീരുമാനത്തിൽ അനുയായികൾ ആഹ്ലാദപ്രകടനം നടത്തി. യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിക്കാൻ തീരുമാനം സഹായിക്കുമെന്നാണ് അനുയായികളുടെ വാദം. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ദിനേഷ് ഗുണ്ടു റാവുവിന് യൂത്ത് കോൺഗ്രസിന്റെ പിന്തുണയുമുണ്ട്.

ജാതി സമവാക്യങ്ങളൊന്നും കണക്കിലെടുക്കാതെയാണ് അധ്യക്ഷനെ നിയമിച്ചതെന്ന പ്രത്യേകതയുമുണ്ട്. ജനസംഖ്യയിൽ ഒരു ശതമാനം വരുന്ന ബ്രാഹ്മണ സമുദായ അംഗമായ ദിനേഷ് ഗുണ്ടുറാവുവിനെ നിയമിക്കുന്നതിനെതിരേ പ്രബല സമുദായങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ജനങ്ങൾക്കിടയിലുള്ള സ്വാധീനം കണക്കിടെുത്താണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. അതേസമയം, പ്രബല സമുദായമായ ലിംഗായത്തിന് പ്രതിനിധ്യം നൽകാൻ ഈശ്വർ ഖാൻഡ്രെയെ വർക്കിങ് പ്രസിഡന്റാക്കുകയും ചെയ്തു.

വടക്കൻ കർണാടകത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാവും ലിംഗായത്ത് അംഗവുമായ എസ്. ആർ. പാട്ടിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇതേ സമുദായത്തിൽ നിന്നുള്ള ഈശ്വർ ഖാൻഡ്രെയെ നിയമിച്ചത്. കോൺഗ്രസ്-ദൾ സഖ്യസർക്കാർ രൂപവത്കരിച്ചപ്പോൾ ദിനേഷ് ഗുണ്ടുറാവുവിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ പ്രതിഷേധിക്കാതെ പാർട്ടിയോടൊപ്പം ഉറച്ചുനിന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

43 വയസ്സിൽ കർണാടകയുടെ മുഖ്യമന്ത്രിയായ ഗുണ്ടുറാവുവിന്റെ  മകനാണ് ദിനേശ്, രക്താർബുദം മുലം 57 വയസിൽ ഗുണ്ടുറാവു മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us