സഖ്യ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്; സിദ്ധരാമയ്യ തുടങ്ങി വച്ച ജനപ്രിയ പദ്ധതികൾ തുടരും;കർഷക വായ്പകൾ എഴുതിത്തള്ളാൻ സാദ്ധ്യത.

ബെംഗളൂരു : ജനതാദൾ എസ് – കോൺഗ്രസ് സഖ്യ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുനയിപ്പിച്ചതിന് ശേഷമാണ് ജെഡിഎസ് എന്ന് ബജറ്റ് അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തെ കാർഷികവായ്പകൾ എഴുതിത്തള്ളാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം വീടുകൾ നിർമിച്ചു നൽകാനും കോൺഗ്രസ്, ജനതാദൾ-എസ് നേതാക്കൾ അംഗങ്ങളായുള്ള ഏകോപനസമിതി യോഗത്തിൽ തീരുമാനമായി. അഞ്ചുവർഷംകൊണ്ട് ഒരുകോടി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും തീരുമാനിച്ചു.

കാർഷികകടം എഴുതിത്തള്ളുന്നതിന്റെ വിവരങ്ങൾ ബജറ്റിൽ അവതരിപ്പിക്കുമെന്ന് ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി അറിയിച്ചു. ആരോഗ്യരംഗത്തും കായികരംഗത്തും പുതിയ പദ്ധതികൾ കൊണ്ടുവരും. മുൻസർക്കാരിന്റെ പദ്ധതികൾ കൂടാതെയാണ് പുതിയ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

കാർഷികവായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം ഘട്ടംഘട്ടമായി നടപ്പാക്കും. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി സംയുക്ത പാർലമെന്ററി സമിതിയുണ്ടാക്കും. മുന്നണിക്ക് ചീഫ് വിപ്പുണ്ടാകും. നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിസഭാ വികസനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും വേണുഗോപാൽ അറിയിച്ചു. കാർഷികവായ്പ എഴുതിത്തള്ളുന്നതിന് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നെങ്കിലും സിദ്ധരാമയ്യ പക്ഷത്തെ എം.എൽ.എ.മാർ നേരത്തേ എതിർപ്പറിയിച്ചതായി വാർത്തകൾ വന്നിരുന്നു.

സർക്കാരിന്റെ പ്രവർത്തനത്തിനായുള്ള പൊതു മിനിമംപരിപാടിക്ക് യോഗത്തിൽ അംഗീകാരം നൽകി. ബജറ്റിനെക്കുറിച്ചും ചർച്ചനടന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന ഏകോപനസമിതി യോഗത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us