കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ 8% വര്‍ധന മാത്രം;മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു : കർണാടകയിലെ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കമ്മിറ്റി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി.ശൈലേന്ദ്രകുമാർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസിനേക്കാൾ പരമാവധി എട്ടുശതമാനം വർധനയേ ഇത്തവണ പാടുള്ളു. ഇതിലധികം പണം ചോദിക്കുന്ന മാനേജുമെന്റുകൾക്കെതിരെ വിദ്യാർഥികൾക്കോ മറ്റുള്ളവർക്കോ പരാതി നൽകാം.

ഇതുസംബന്ധിച്ചു പേരു വെളിപ്പെടുത്താതെ ലഭിക്കുന്ന പരാതികൾപോലും സമിതി പരിശോധിക്കും. പരാതി സത്യമെന്നു ബോധ്യപ്പെട്ടാൽ കോളജുകളിൽനിന്നു 10 ലക്ഷം രൂപ വരെ പിഴയീടാക്കുകയും ചെയ്യും.സ്വകാര്യ കോളജുകളുമായി ധാരണയുണ്ടാക്കിയാലും ഫീസ് നിരക്ക് എട്ടു ശതമാനത്തിൽ കൂടില്ലെന്നു സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം. സർക്കാരിനു വേണമെങ്കിൽ സമിതി നിശ്ചയിച്ചതിലും കുറഞ്ഞ വാർഷിക ഫീസ് ഏർപ്പെടുത്താം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും ശൈലേന്ദ്രകുമാർ പറഞ്ഞു.

സർക്കാരിനു കോളജുകളുമായി ധാരണയുണ്ടാക്കി ഫീസ് നിശ്ചയിക്കാനാണെങ്കിൽ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ ഇന്ത്യൻ സീറ്റുകളിലേതിന്റെ പരമാവധി പത്തിരട്ടിയും എൻജിനീയറിങ് കോഴ്സുകളിൽ നാലിരട്ടിയുമാണ് എൻആർഐ ക്വോട്ടയിൽ നിശ്ചയിച്ചിട്ടുള്ളത്.
എൻആർഐ വിദ്യാർഥികളുടെ ഫീസ് പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും എസ്‌സി–എസ്ടി ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കു ഫീസിളവ് നൽകാൻ ഇതുപയോഗിക്കുകയും വേണം.

നൂറുകണക്കിനു കോളജുകൾ ഇനിയും ഫീസ് നിരക്കു സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അധ്യയന വർഷം സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ ക്വോട്ടയിൽ 77,000 രൂപയും മറ്റു സീറ്റുകളിൽ 6.32 ലക്ഷവുമായിരുന്നു വാർഷിക ഫീസ്. എൻജിനീയറിങ് സീറ്റിൽ ഇത് യഥാക്രമം 49,500–55,000 രൂപയും 1.2–1.7 ലക്ഷം രൂപയുമായിരുന്നു. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകളിൽ 20000 രൂപയിലധികമുള്ള ഫീസ് ചെക്ക് മുഖേനയാക്കാൻ നീക്കം. ഇതു സംബന്ധിച്ചു 2006ലെ കർണാടക പ്രഫഷനൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് നിയമത്തിൽ ഭേദഗതി വരുത്താൻ അഡ്മിഷൻ ഓവർസീയിങ് സമിതി ശുപാർശ ചെയ്തേക്കും.

പല കോളജുകളും ഫീസ് പണമായി ആവശ്യപ്പെടുന്നുവെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണിത്.സംസ്ഥാനത്തെ ഒരു കോളജ് രക്ഷിതാക്കളോട് ഫീസിൽ പകുതിയും പണമായി നൽകാൻ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസിലും പരാതി ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us