ബെംഗളൂരു: കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ( സിഡബ്ല്യുഎംഎ) രൂപീകരണം സംബന്ധിച്ച് കർണാടക ഉയർത്തിയ ആശങ്കകൾക്കു പരിഹാരമുണ്ടായ ശേഷമേ, ഈ പാനലിലേക്കുള്ള സംസ്ഥാന പ്രതിനിധികളുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാരിന് അയയ്ക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
പാർലമെന്റിൽ പാസാക്കിയ ശേഷം മാത്രമേ സിഡബ്ല്യുഎംഎ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകാവൂ എന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം ഡൽഹിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കാവേരി ജലംപങ്കിടൽ വിഷയത്തിൽ കുമാരസ്വാമി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള വിത്തു വിതയ്ക്കുകയാണെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾ ഇതിനോടു പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 18ന് കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിൽ മടങ്ങിയെത്തിയ കുമാരസ്വാമി ഇന്നലെ ബെംഗളൂരു പ്രസ് ക്ലബും റിപ്പോർട്ടേഴ്സ് ഗിൽഡും ചേർന്നു നടത്തിയ മുഖാമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കിടാനുള്ള സുപ്രീം കോടതി ഉത്തരവ് കർണാടക സർക്കാർ പാലിക്കുക തന്നെ ചെയ്യും. സിഡബ്ല്യുഎംഎ പാനലിലേക്ക് പ്രതിനിധികളുടെ പേരുകൾ അയയ്ക്കാനും സർക്കാർ സജ്ജമാണെന്നും കുമാരസ്വാമി പറഞ്ഞു.