കോഴിക്കോട്: ഉത്തരമേഖലാ എ.ഡി.ജി.പി. ആയിരിക്കുമ്പോൾ സുധേഷ് കുമാർ മുടിമുറിക്കാൻ ബാർബറെ കൊണ്ടുവന്നത് കണ്ണൂർ ജില്ലയിൽനിന്നാണെന്ന് റിപ്പോര്‍ട്ട്. പോലീസ് വാഹനങ്ങളിലായിരുന്നു ബാർബറെ കോഴിക്കോട്ടെയ്ക്ക് എത്തിച്ച് മുടിമുറിച്ചത്. അതിനുശേഷം അന്നുതന്നെ കണ്ണൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
കോഴിക്കോട് മലാപ്പറമ്പിലെ എ.ഡി.ജി.പി.യുടെ ഔദ്യോഗിക വസതിയിലേക്കാണ് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിൽ (ഡി.എസ്.സി.) നിന്ന് താത്കാലിക ജീവനക്കാരനായ ബാർബറെ കൊണ്ടുവന്നത്.
കോഴിക്കോട് എ.ആർ.ക്യാമ്പിലുള്ള ബാർബർ ഷേവ് ചെയ്തപ്പോൾ മീശയിലെ നരച്ച രോമങ്ങൾ മുറിച്ചത് ശരിയായില്ലെന്നുപറഞ്ഞ് അയാളെചീത്തപറഞ്ഞ് തിരിച്ച് അയച്ചു അതിനുശേഷം അന്നത്തെ കണ്ണൂർ റേഞ്ച് ഐ.ജി.യെ ഫോണിൽ വിളിച്ച് ഡി.എസ്.സി.യിലെ ബാർബറെ ആവശ്യപ്പെട്ടു. ഐ.ജി. ഉടൻ കണ്ണൂർ പോലീസ് സൂപ്രണ്ടിനോട് പറഞ്ഞു. അദ്ദേഹമാണ് ഡി.എസ്.സി.യിൽനിന്ന് ബാർബറെ സംഘടിപ്പിച്ചത്.
ഇയാളെ മാഹി പാലംവരെ കണ്ണൂർ ഹൈവേ പോലീസിന്‍റെയും അവിടെനിന്ന് വടകര റൂറൽ എസ്.പി.യുടെ നിർദേശപ്രകാരം എലത്തൂർ പാലം വരെ വടകര ഹൈവേ പോലീസിന്‍റെയും വാഹനങ്ങളിലാണ് എത്തിച്ചത്. പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം സിറ്റി ഹൈവേ പോലീസിന്‍റെ വാഹനത്തിൽ മലാപ്പറമ്പിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ഇതേ രീതിയിൽത്തന്നെയാണ് തിരികെ കണ്ണൂരിൽ കൊണ്ടുപോയി വിട്ടതും. 2016 ജൂൺമുതൽ 2017 ജനുവരി വരെയാണ് സുധേഷ് കുമാർ ഉത്തരമേഖലാ എ.ഡി.ജി.പി. ആയിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.