കോട്ടയം : പ്രണയവിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെ കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം.
വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് േകസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘാണ് കേസ് അന്വേഷിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിൻ പത്തനാപുരത്തുവച്ചു കാറിൽനിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെ അറിയിച്ചിരുന്നു.
നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താൽപര്യമെന്ന് അറിയിച്ചു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പെൺകുട്ടിയെ പൊലീസിന്റെ മുന്നിൽവച്ചു മർദിച്ചു വാഹനത്തിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പിൻവാങ്ങി.
ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിൻ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിൻ കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേർ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകർത്തശേഷം കാറിൽ കയറ്റി കൊണ്ടുപോയി. കാറിലും മർദനം തുടർന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.
സമീപമുള്ള വീട്ടുകാർ ഉണർന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാൽ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മർദനത്തിൽ വീണ്ടും പരുക്കേറ്റിട്ടുണ്ട്.
മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നൽകിയതോടെ നീനുവിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാൽ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. കൊല്ലം ഇടമൺ റിയാസ് മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ കാറാണു പൊലീസ് പിടികൂടിയത്. നീനുവിന്റെ മാതൃസഹോദരപുത്രനായ ചിന്നു ശനിയാഴ്ച രാവിലെ കോട്ടയത്തേക്കു പോകാനെന്നു പറഞ്ഞു കൊണ്ടുപോയ കാർ രാത്രി പത്തോടെ തിരികെ എത്തിച്ചെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇബ്രാഹിംകുട്ടിയുടെ മൊഴി.
അതേസമയം, നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തും. എസ്.ഐ. എം.എസ്. ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. പ്രതികളിൽനിന്നു പണം കൈപ്പറ്റിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.