കുട്ടിക്കടത്തു സംഘങ്ങൾ സജീവമെന്ന് വ്യാജപ്രചരണം; സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി.

ബെംഗളൂരു : കുട്ടിക്കടത്തുകാരെന്ന പേരിൽ ബെംഗളൂരുവിൽ നിരപരാധികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്ന സംഭവങ്ങൾ പെരുകുന്നു. വ്യാജ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് അതിക്രമങ്ങളുണ്ടാകുന്നത്. കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് ഇന്നലെ ഫ്രേസർ ടൗണിൽ മൂന്നുപേരെ ആൾക്കൂട്ടം ക്രൂരമർദനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം ചാമരാജ്പേട്ടിൽ രാജസ്ഥാൻ സ്വദേശി മർദനമേറ്റു മരിച്ചതിനു പിന്നാലെയാണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്നു വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങളെ തുടർന്നു നഗരത്തിൽ പലയിടങ്ങളിലും രക്ഷിതാക്കൾ പരിഭ്രാന്തരായിട്ടുണ്ട്.

വാർ‌ത്തകൾ വ്യാജമാണെന്നറിഞ്ഞിട്ടും ഇവ പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു. പലയിടങ്ങളിൽനിന്നായി 11 പേരെയാണ് കുട്ടിക്കടത്തുകാരെന്ന് ആരോപിച്ചു പ്രദേശവാസികൾ പിടികൂടി പൊലീസിനെ ഏൽപിച്ചത്.

എന്നാൽ അന്വേഷണത്തിൽ ഇവർക്കാർക്കും കുട്ടിക്കടത്തുമായി ബന്ധമുള്ളതായി കണ്ടെത്തിയില്ല. വ്യാജവാർത്തകൾ കേട്ടു ജനങ്ങൾ നിരപരാധികളെ കയ്യേറ്റം ചെയ്യരുതെന്നു സുനീൽകുമാർ പറഞ്ഞു. ഭിക്ഷാടകർ, അലഞ്ഞുതിരിയുന്നവർ, അന്യനാട്ടിൽനിന്നു തൊഴിൽതേടിയെത്തിവർ തുടങ്ങിയവരാണു പ്രധാനമായും ആൾക്കൂട്ടങ്ങളുടെ ചോദ്യംചെയ്യലിനും കയ്യേറ്റത്തിനും ഇരയാകുന്നത്. തുടർച്ചയായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഇന്നലെയും വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകിയത്. അതേസമയം, സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us