വിശുദ്ധിയുടെ നാളുകളുമായി റംസാന്‍ വ്രതം ഇന്ന് മുതല്‍

സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ അവസരം നല്‍കുന്ന റംസാന്‍ വ്രതം ഇന്ന് മുതല്‍. മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് ഇസ്ലാമികവിശ്വാസികള്‍ കഠിനവ്രതം അനിഷ്ടിക്കുന്ന നാളുകളാണ് റംസാന്‍. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത് റംസാന്‍ കൊണ്ട് അര്‍ഥമാക്കുന്നത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്‍റെ താല്പര്യത്തിൽപെട്ടതാണ്.

മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്മടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന മാസം. ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായ ലൈലത്തുല്‍ ഖദറിന്‍റെ മാസം. ഇസ്ലാമിക ചരിത്രത്തില്‍ വഴിത്തിരിവായ ബദര്‍ യുദ്ധം നടന്ന മാസം. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വിശുദ്ധ റമദാന്‍ മാസത്തിന്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതത്തില്‍ മനസും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ചു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശ്വാസികള്‍ ആരാധനാ കര്‍മ്മങ്ങളില്‍ സജീവമാകും.

രാത്രിയിലെ പ്രത്യേക നിസ്കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്‍റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാന്‍ പാരായണവും, ഇഫ്താര്‍ സംഗമങ്ങളും, പള്ളികള്‍ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാര്‍ത്ഥനാ സദസ്സുകളും ഈ മാസം വര്‍ധിക്കും. മക്കയിലും മദീനയിലും തീര്‍ഥാടകരുടെ തിരക്ക് കൂടും. റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍വഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

റമദാന്‍റെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിന്‍റെയും, രണ്ടാമത്തെ പത്ത് ദിവസം പാപമോചനത്തിന്‍റെയും, മൂന്നാമത്തെ പത്ത് ദിവസം നരക മോചനത്തിന്‍റെതുമാണ്. ലൈലത്തുല്‍ ഖദര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന റമദാന്‍ അവസാനത്തെ പത്തില്‍ പള്ളികളില്‍ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us