ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ അക്രമികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവച്ചു. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി.
ജമ്മു-കശ്മീര്‍ വനം വകുപ്പ് മന്ത്രി ലാല്‍ സിംഗ്, വാണിജ്യകാര്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയ്ക്കാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്.
മന്ത്രിമാരുടെ നിലപാട് ജമ്മു കശ്മീര്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെഹബൂബ മുഫ്തി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്.
പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ ഇരുവരും പങ്കാളികളായിരുന്നു. പ്രതികള്‍ക്കു പിന്തുണ തേടി നടത്തിയ റാലിയായിരുന്നു അത്. ദേശീയപതാകയും കൈയിലേന്തി ജയ് ശ്രീറാം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അവര്‍ പ്രകടനം നടത്തിയത്. സംസ്ഥാന ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹിന്ദു ഏകതാ മഞ്ചിന്‍റെ നിലപാട്.
അതേസമയം, പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്നും കേസന്വേഷണം വേഗത്തിലാണ് നടക്കുന്നതെന്നും നീതി നടപ്പാകുന്നത് തടയാൻ ആരേയും അനുവദിക്കില്ലയെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി അറിയിച്ചു. അതുകൂടാതെ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും മെഹബൂബ പറഞ്ഞു.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23 ന് സംസ്ഥാന സർക്കാർ കേസ്ന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്.
ജമ്മുവിലെ ദേവീസ്ഥാൻ ക്ഷേത്രത്തിന്‍റെ ചുമതലക്കാരനായ സഞ്ജി റാം ആണ് കേസിലെ പ്രധാന പ്രതി. സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് കജൂരിയ, സുരേന്ദർ വർമ്മ, പർവേഷ് കുമാർ, സഞ്ജി റാമിന്‍റെ മകൻ വിശാൽ ജൻഗോത്ര, ഇയാളുടെ പ്രായപൂർത്തിയെത്താത്ത ബന്ധു എന്നിവരാണ് പ്രതികൾ. മാർച്ച് 20 ന് പ്രധാന പ്രതിയായ സഞ്ജി റാം പൊലീസിൽ കീഴടങ്ങി. ഇയാളുടെ മകനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കീഴടങ്ങിയത്.
പ്രതികൾ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്തെന്നും പിന്നീട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന കുറ്റപത്രത്തിൽ അതി ക്രൂരമായ രീതിയിലാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ജി റാം കുട്ടിയെ തന്‍റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് ബന്ദിയാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു വെളിപ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.