ഏഷ്യയിലെ സ്കോട്ട് ലാണ്ടിലേക്ക് ഒരു യാത്ര; ‘എന്നാ ഒരു ഇതാന്നേ…!’

പതിവ് തെറ്റിയില്ല രാവിലെ പ്രാതലിനുള്ള നീണ്ട മണിയടി കേട്ട് ഉണര്‍ന്നു.. രണ്ട് ദിവസം അടുപ്പിച്ച് കോളേജ് അവധിയാണ്.. സാധാരണ അവധി ദിവസം പോലെ തന്നെ ഡബ്ബ്സ്മാഷുകളും, സ്മൂളും ഒക്കെയായി സ്വന്തം കഴിവുകള്‍ സ്വയം ആസ്വദിച്ച് സമയം കടന്നുപോകുമെന്ന വിശ്വാസത്തില്‍ പതിയെ കട്ടിലിനോട് വിട ചൊല്ലി എഴുന്നേറ്റു. എത്ര വൈകി പോയാലും ഭക്ഷണം കിട്ടുമെന്നുള്ള ധൈര്യത്തില്‍ മൂടിപുതച്ചുറങ്ങുന്ന സഹവാസികളെ വിളിച്ചുണര്‍ത്തി.

പല്ല് തേപ്പ് എന്ന കര്‍ത്തവ്യം ആര്‍ക്കോ വേണ്ടി നിറവേറ്റി തീന്മേശയില്‍ ചെന്നിരുന്നു. ഉപ്പുമാവും പഴവും. ഹോസ്റ്റല്‍ നിവാസികളുടെ ദേശീയ ആഹാരം.

അതങ്ങനെ ആസ്വദിച്ച് ബഡായികള്‍ക്ക് കാതോര്‍ത്ത് ഇരുന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിക്കുന്നത്. ഹോസ്റ്റല്‍ വൈഫൈ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഒരു ദിവസത്തേക്ക് വൈഫൈ ഉണ്ടാകില്ല.

ഒരവസരം കാത്തിരുന്ന എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഒരു യാത്ര ആയാലോ?? എന്‍റെ ആത്മഗതം ഉറക്കെയായിരുന്നു.

ഹോസ്റ്റലില്‍ പോസ്റ്റാകാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ സഹമുറിയത്തിമാര്‍ എന്‍റെ ആത്മഗതം ഏറ്റു പിടിച്ചു. പുസ്തകം തിന്ന് തീര്‍ക്കണമെന്ന് വാശിപിടിച്ച പഠിപ്പികളെ ഒഴിവാക്കി നാലു പേരടങ്ങുന്ന സംഘം യാത്രക്ക് പുറപ്പെട്ടു. ഹോസ്റ്റലില്‍ നിന്നും ഏറ്റവും അടുത്തുള്ള പിക്നിക്‌ പോയിന്‍റായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഏഷ്യയിലെ സ്കോട്ട് ലാന്‍ഡ്‌ എന്നറിയപ്പെടുന്ന വാഗമണ്‍.

ചലോ വാഗമണ്‍

കാര്‍ വിളിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട് യാത്ര ആനവണ്ടിയിലാക്കി. സ്ഥിരം സഞ്ചാര വഴികളാണെങ്കിലും പീരുമേട് ഏലപ്പാറ വഴിക്ക് ദിവസംകൂടും തോറും ഭംഗി കൂടുകയാണോ എന്നൊരു സംശയം. മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയില്‍ ആര്‍ടിസ്റ്റ് ബേബി പറയുന്ന പോലെ, ‘എന്നാ ഒരു ഇതാന്നേ…!’ അങ്ങനെ ചാഞ്ഞും ചരിഞ്ഞും തേയിലക്കാടുകളുടെ ഭംഗി ആസ്വദിച്ച് വന്നപ്പോഴാണ് ആ വിളി കേട്ടത്. “ഏലപ്പാറ… ഏലപ്പാറ…”

ഞങ്ങള്‍ ഏലപ്പാറ ഇറങ്ങി. ഇവിടെ നിന്നും ഇനി അടുത്ത ബസ് പിടിക്കണം. ഏലപ്പാറയില്‍ നിന്നും  വാഗമണ്ണിലേക്കുള്ള ആദ്യ യാത്രയായതിനാല്‍ വഴി അത്ര തിട്ടമില്ലായിരുന്നു. അതുക്കൊണ്ട് തന്നെ വാഗമണ്‍ നിവാസിയും സഹപാഠിയുമായ സുഹൃത്തിനെ യാത്ര പുറപ്പെടുന്നതിനു മുന്‍പ് തന്നെ വിളിച്ച് അറിയിച്ചിരുന്നു. പെണ്‍സുഹൃത്തുക്കളുമായി ചിലവിടാന്‍ അവസരം ലഭിച്ച സന്തോഷത്തില്‍ വെറും 15 മിനിറ്റില്‍ അവന്‍ ഏലപ്പാറയില്‍ പറന്നെത്തി. കൂടെയുള്ളവരെ ജീപ്പില്‍ തള്ളിക്കയറ്റി ഞങ്ങള്‍ മുന്നോട്ട് നീങ്ങി.

വാഗമണ്ണിലെ മറ്റ് സഹപാഠികളെ വിളിച്ച് വരുത്തി സഞ്ചാരം ഒരാഘോഷമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജീപ്പിലിരുന്നുള്ള തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഞ്ചാരികള്‍ ധാരാളമായെത്തുന്ന വാഗമണ്ണിലെ ആത്മഹത്യാ മുനമ്പില്‍ (സൂയിസൈഡ് പോയിന്‍റ്) കണ്ടുമുട്ടാന്‍  തീരുമാനമായി. ഏകദേശം 30 മിനിറ്റില്‍ ഞങ്ങള്‍ ആത്മഹത്യാ മുനമ്പിലെത്തി. പെണ്‍കുട്ടികള്‍ക്ക് ഒരുങ്ങാന്‍ അധിക സമയം വേണ്ടി വരും എന്നാണല്ലോ ഒരു പൊതുധാരണ. അത് തെറ്റിക്കാതെ ഞങ്ങളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ മാന്യമായി വൈകി. അധികം ‘പോസ്റ്റ്’ ആകാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ‘മൂണ്‍പാറ’യെന്ന് വിളിക്കുന്ന ആത്മഹത്യാമുനമ്പിലേക്ക് നടന്നു.

ഇവിടുത്തെ കാറ്റാണ് കാറ്റ്

‘വി’ ആകൃതിയിലുള്ള വലിയൊരു കൊക്കയാണ് ആത്മഹത്യാ മുനമ്പ്. വാഗമണ്ണിന്‍റെ സമതലങ്ങളുടെ മുഴുവന്‍ ഭംഗിയും ഇവിടെ നിന്നാല്‍ ആസ്വദിക്കാം. മലഞ്ചെരിവുകളെ തഴുകിയെത്തുന്ന തണുത്ത കാറ്റില്‍ രസം പിടിച്ചങ്ങനെ നിന്നാല്‍ സമയം പോകുന്നതേ അറിയില്ല. ഒരുപാട് വിനോദ സഞ്ചാരികള്‍ ട്രക്കിംഗിനായി ഇവിടെ വാരാറുണ്ട്. മലകയറ്റത്തിനിടയില്‍ ഗൈഡുകളുടെ സഹായത്തോടെ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം കാണുകയും അറിയുകയും ചെയ്യാം. മനസ്സില്‍ കുളിരുകോരിയിടുന്ന മനോഹരമായ സ്ഥലമാണെങ്കിലും അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും ഇവിടെയുണ്ട്.

എല്ലാവരും എത്തിയെങ്കിലും പലര്‍ക്കും മുന്നോട്ടുള്ള യാത്രക്ക് അത്ര താത്പര്യമില്ലായിരുന്നു. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. എന്നാലും മറ്റു സ്ഥലങ്ങളുടെ ഭംഗി ഇതിലേറെയാണെന്ന സുഹൃത്തിന്റെ വാദം അംഗീകരിച്ച് മുന്‍പോട്ടുള്ള യാത്ര തുടരാന്‍ തീരുമാനിച്ചു.

കണ്ണാടി പോലെയൊരു തടാകം
വാഗമണ്‍ ടൌണിന് സമീപമായി ‘ടീ ഗാര്‍ഡന്‍’ എന്ന തടാകമുള്ളതായി അതുവരെ കേട്ടിരുന്നില്ല. സൗജന്യ പ്രവേശനം ലഭിക്കുന്ന ഈ തടാകവും പരിസരപ്രദേശങ്ങളും സിനിമാക്കാരുടെ പ്രധാന ലോക്കേഷനാണ്. ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം ആ തടാകമായിരുന്നു. തെളിനീര്‍ എന്നൊക്കെ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ അതുവരെ… അത് നേരില്‍ അനുഭവിച്ചത് ടീ ഗാര്‍ഡന്‍  ലേയ്ക്ക് കണ്ടപ്പോഴാണ്. കണ്ണാടി പോലെ തെളിഞ്ഞ തടാകം. കൈകുമ്പിളില്‍ അല്പം വെള്ളം കോരി നോക്കി… നല്ല തണുപ്പുള്ള തെളിനീര് തന്നെ.

പൂക്കള്‍ നിറഞ്ഞു നില്‍കുന്ന പുല്‍മേടുകള്‍ക്ക് നടുവിലാണ് തടാകം. ഹോസ്റ്റലില്‍ സമയം വൈകാതെ തിരിച്ചെത്തേണ്ടത് കൊണ്ട് ബോട്ടിംഗ് ഞങ്ങള്‍ ഒഴിവാക്കി. എന്നിരുന്നാലും, സഞ്ചാരികള്‍ നടത്തുന്ന ബോട്ടിംഗ് മതിയാകുവോളം കണ്ട് നിന്നു.

ആഹാരമില്ലാതെ എന്ത് സഞ്ചാരം!
തെളിനീരിന്‍റെ കുളിര്‍മ ആസ്വദിച്ച് നില്‍ക്കുമ്പോഴാണ് ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. ഉച്ചയൂണിനുള്ള സമയം ആയിരിക്കുന്നു. എന്നാല്‍ സമയം കടന്നുപോയോ എന്ന സംശയത്തിലാണ് കൂട്ടത്തിലെ ചിലര്‍.  എല്ലാവര്‍ക്കും വിശപ്പ് എന്ന ദേശീയ അസുഖം പിടികൂടിയെന്ന് ഉറപ്പായ സ്ഥിതിക്ക് ഞങ്ങള്‍ നേരെ ടൗണിലേക്ക് വച്ചടിച്ചു. ഉച്ചയൂണ് ലഭിക്കുന്ന റസ്റ്ററന്റുകള്‍ ധാരാളമുണ്ടായിരുന്നെങ്കിലും അധികം ആലോചിക്കാതെ ആദ്യം കണ്ട നിഷാദ് എന്ന ഹോട്ടലില്‍ കയറി. 15 മുതല്‍ 20 പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു ചെറിയ ഹോട്ടല്‍ ആണ് നിഷാദ്. മാംസാഹരത്തിനോടുള്ള പ്രിയം ഉണ്ടായിരുന്നതിനാല്‍ നാടന്‍ ഊണും കരിമീന്‍ പോള്ളിച്ചതുമാണ് ഓര്‍ഡര്‍ ചെയ്തത്.. എല്ലാവരും അവരവര്‍ക്ക് പ്രിയപ്പെട്ടത് ഓര്‍ഡര്‍ ചെയ്തു..

മനസ് നിറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്. നാടന്‍ കുരുമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ഒക്കെയിട്ട് പൊള്ളിച്ച കരിമീന്‍റെ സ്വാദ് ഭക്ഷണം കഴിച്ചിറങ്ങിയിട്ടും നാവില്‍ ഊറുകയായിരുന്നു.

പൈന്‍ കാടുകള്‍ കണ്ട് മടക്കം
ഭക്ഷണം കഴിച്ച സന്തോഷത്തില്‍ സമയം നോക്കിയപ്പോള്‍ മൂന്ന്‍ മണി. ഇനി അധികം സമയമില്ല. ഏഴ് മണിക്കെങ്കിലും ഹോസ്റ്റലില്‍ കയറണം. എന്നാലും, കൂട്ടുക്കാര്‍ നല്‍കിയ ധൈര്യത്തില്‍ പൈന്‍ കാടുകളില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ അവിടെ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്ത് പൈന്‍ ഫോറസ്റ്റില്‍ എത്തി. തലയുയര്‍ത്തി നില്‍കുന്ന പൈ‌ൻ മരങ്ങളാണ് വാഗമണിനെ കൂടുതൽ ആകർഷമാക്കുന്നത്. കാടിനുള്ളില്‍ കാലെടുത്ത് വെച്ചതും പഴയ ചില ചലച്ചിത്ര ഗാനങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി.. ശക്തമായ കാറ്റ് തണുപ്പിന്റെ ആഴം കൂട്ടുന്നുണ്ട്. എന്നാലും, പൈന്‍ മരങ്ങളെ തഴുകി ചൂളം വിളിക്കുന്ന ആ കാറ്റിന് ഒരു  പ്രത്യേക സുഖം ഉള്ളത് പോലെ. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഞങ്ങളും ഏതൊക്കെയോ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളായി.

പൈന്‍ കാടുകള്‍ കയറി ഇറങ്ങിയപ്പോള്‍ തന്നെ സമയം ഏറെയായിരുന്നു. വഴിയോരത്ത് നിന്ന ഐസ്ക്രീം കച്ചവടക്കാരനില്‍ നിന്നും ഓരോ ഐസ്ക്രീം വാങ്ങി കഴിച്ച് പിരിയാന്‍ തീരുമാനിച്ചു. ബസ് കാത്തുള്ള നില്‍പ്പിന്‍റെ ദൈര്‍ഘ്യം കൂടിയപ്പോള്‍ ടാക്സി വിളിക്കുന്നതാകും ഉചിതം എന്ന് തോന്നി.. അങ്ങനെ അതുവരെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കാറ്റിനെയും തണുപ്പിനെയും ഓര്‍മ്മകളിലാക്കി, ഞങ്ങള്‍ തിരിച്ചു… സന്ധ്യവെട്ടം വീണ വഴികളിലൂടെ…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us