ബെംഗളൂരു : പീനിയയിലെ ബസവേശ്വര ബസ് ടെർമിനലിനെ ദീർഘദൂര സർവീസുകളുടെ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ, ടെർമിനലിനെയും സമീപത്തെ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് സ്കൈവാക് നിർമിക്കും. പദ്ധതി യാഥാർഥ്യമായാൽ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കു പീനിയ ഇൻഡസ്ട്രി സ്റ്റേഷനിൽ ഇറങ്ങി, സ്കൈവാക് വഴി എളുപ്പത്തിൽ ബസ് ടെർമിനലിലെത്താം. ഇവിടെ ദീർഘദൂര ബസിറങ്ങുന്നവർക്കു നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു നമ്മ മെട്രോയിൽ സുഗമമായി എത്താനുമാകും.
നിലവിൽ തെക്കൻ കേരളത്തിലേക്കുള്ള എല്ലാ കേരള ആർടിസി എസി ബസുകളും ഇവിടെ നിന്നാണ് പുറപ്പെടുന്നത്. വടക്കൻ കർണാടകയിലേക്കും ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുമുള്ള ഒട്ടേറെ ബസുകൾ ഇവിടെ നിന്നാണ് പുറപ്പെടുന്നത്. നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് ബസവേശ്വര ബസ് ടെർമിനൽ നിർമിച്ചത്. മജസ്റ്റിക്കിൽ നിന്നുള്ള സംസ്ഥാനാന്തര സർവീസുകൾ ഇവിടെനിന്നു പുറപ്പെടുംവിധം ക്രമീകരിച്ച് നഗരത്തിലേക്കു ദീർഘദൂര ബസുകൾ കടക്കുന്നതു തടയുകയായിരുന്നു ലക്ഷ്യം.
എന്നാൽ റോഡിൽനിന്ന് ഒരു കിലോമീറ്ററിലധികം അകത്തേക്കു കയറിയ ടെർമിനലിൽ പ്രതീക്ഷിച്ചത്ര യാത്രക്കാർ എത്തിയില്ല. ഇവിടെ മെട്രോ ട്രെയിൻ ഇറങ്ങുന്നവർ താഴെ റോഡരികിൽ കാത്തുനിന്നു സ്വകാര്യ ബസുകളിൽ തുടർയാത്ര പതിവാക്കി. ഈ വകയിൽ കർണാടക ആർടിസിക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടവും ഉണ്ടായി.
ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്, ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ, ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ, ബെംഗളൂരു മഹാനഗരസഭ അധികൃതർ പങ്കെടുത്ത സംയുക്ത യോഗത്തിലാണ് മെട്രോ സ്റ്റേഷനെയും ടെർമിനലിനെയും ബന്ധിപ്പിച്ച് സ്കൈവാക്ക് നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. ഒരു കിലോമീറ്റർ നീളമുള്ള സ്കൈവാക്കിന് 50 കോടി രൂപയാണ് നിർമാണച്ചിലവ് കണക്കാക്കുന്നത്. യാത്രക്കാർക്കു കയറാനും ഇറങ്ങാനുമായി എസ്കലേറ്ററും ഉണ്ടാകും.
സ്കൈവാക്കിന്റെ രൂപരേഖ ബിബിഎംപി അനുമതിക്കായി സമർപ്പിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി നടപ്പാക്കുക. സ്കൈവാക് പൂർത്തിയാകുന്നതോടെ മജസ്റ്റിക്കിൽ നിന്നു കൂടുതൽ ദീർഘദൂര ബസുകൾ പീനിയ ടെർമിനലിലേക്കു മാറ്റും.