ഉഡുപ്പി; ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർഥസ്വാമി ഉഡുപ്പിയിൽനിന്നു മൽസരിക്കാൻ സീറ്റ് തേടുന്നതിനിടെ, സന്യാസിമാർ ഇത്തരം കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന പ്രസ്താവനയുമായി പേജാവർ മഠാധിപതി വിശ്വേശ്വ തീർഥ. ആധ്യാത്മിക നേതാക്കൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും അധികാരസ്ഥാനങ്ങളിലേറുന്നതും സന്യാസത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനു തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമിമാർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രാഷ്ട്രീയ കക്ഷികളുടെ ആജ്ഞാനുസരണം പ്രവർത്തിക്കേണ്ടിവരും. ഇത് മഠങ്ങളുടെ ഒൗന്നത്യത്തെ ബാധിക്കുമെന്നും വിശ്വേശ തീർഥ കുന്ദാപുരയിൽ പറഞ്ഞു. ദ്വൈത വേദാന്ത സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഉഡുപ്പിയിലെ അഷ്ട പീഠങ്ങളിൽ ഉൾപ്പെട്ട മഠങ്ങളാണിവ. കഴിഞ്ഞ രണ്ടിനാണ് ഉഡുപ്പി സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ലക്ഷ്മീവര തീർഥസ്വാമി പരസ്യമായി പ്രകടിപ്പിച്ചത്. തന്നെ ബിജെപിയിൽ ചേർക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും ഉഡുപ്പി-ചിക്കമഗളൂരു എംപി ശോഭാ കരന്തലാജെയും സമീപിച്ചിരുന്നതായും വ്യക്തമാക്കി.
ഉഡുപ്പിയിലെ ബ്രാഹ്മണരുടെയും മൽസ്യബന്ധന സമുദായമായ മൊഗവീരരുടെയും വോട്ടുകളാണു ലക്ഷ്യമിടുന്നത്. ബിജെപി ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്നും സൂചന നൽകിയിട്ടുണ്ട്. ഉഡുപ്പിയിൽ മൽസരിച്ചാൽ സ്വന്തം അനുയായിയും മന്ത്രിയുമായ പ്രമോദ് മാധവരാജിനെയാകും സ്വാമിക്കു നേരിടേണ്ടി വരിക.