ബെംഗലൂരു: ആഘോഷങ്ങളെല്ലാം തന്നെ ഇവിടെ വളരെ നന്നായി കൊണ്ടാടാറുണ്ട് ..എന്നാല്‍ ബെംഗലൂരുവിന്റെ മാത്രം സ്വന്തമായ ഒരു പരമ്പരാഗത ഉത്സവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ബംഗലൂരുവില്‍ വസിക്കുന്ന നമ്മള്‍ പുതു തലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘കരഗ’ എന്ന ആഘോഷം …
ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ചൈത്ര മാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആണ് ഈ ആഘോഷം നടത്താറുള്ളത് …അതായത് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ..ശക്തി ദേവത കുടികൊള്ളുന്നു എന്ന് കരുതപ്പെടുന്ന മണ്‍കുടത്തില്‍ നിന്നുമാണ് ‘കരഗ ‘എന്ന നാമം ഉരുത്തിരിഞ്ഞത് എന്നാണ് വിശ്വാസം ..നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബെംഗലൂരുവിലെ ശ്രീ ധര്‍മ്മരായ സ്വാമി ക്ഷേത്രത്തില്‍ നിന്നുമാണ് ബെംഗലൂരിന്റെ മാത്രം സ്വന്തമായ ഈ ഉത്സവം നടത്തപ്പെടുന്നത് …
ഈ മാസം 23 നു ആരംഭിച്ച , ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന ‘കരഗ’ ആഘോഷത്തിന്റെ അവസാന ഘട്ടമായ ,ശക്തി ദേവത കുടികൊള്ളുന്ന ,മുല്ല പൂക്കളാല്‍ അലങ്കരിച്ച മണ്‍കുടം വഹിക്കുന്നത് പാരമ്പര്യമായി ഈ ഉത്സവം നടത്താന്‍ അവകാശമുള്ള ‘തിഗള’ സമുദായത്തില്‍ പെട്ട തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ..! ഇതിനായി മാസങ്ങള്‍ക്ക് മുന്‍പേ പരിശീലനം ആരംഭിക്കേണ്ടി വരുന്നു ..ശാരീരിക അധ്വാനം നല്ലത് പോലെ വേണ്ടി വരുന്ന പ്രദക്ഷിണമാണ് ഇന്ന് അരങ്ങേറുന്നത്…നഗ്നപാദനായി അഞ്ചു മണിക്കൂറുകളോളം ഭാരമേറിയ കുടം തലയിലെന്തി നഗരത്തിലെ അള്‍സൂര്‍ പേട്ട് നഗര്‍ത്ത്പെട്ട് ,കബ്ബന്‍ പെട്ട് ,അവന്യൂ റോഡ് ,അരളപെട്ട് തുടങ്ങിയ വഴികളിലൂടെ ഭക്തി നിര്‍ഭരമായ എഴുന്നെള്ളിപ്പ് നടത്തി മജെസ്റ്റിക്കിനു സമീപമുള്ള തവക്കല്‍ മസ്താന്‍ സാബ് ദര്‍ഗ്ഗയിലാണ് അവസാനിക്കുന്നത് ..മത മൈത്രി തിങ്ങുന്ന അന്തരീക്ഷത്തില്‍ അവിടെ നിന്നും തിരിച്ചു ക്ഷേത്രത്തിലേക്കു തന്നെ എത്തി ചേരുന്നു …ഒപ്പം നൂറു കണക്കിന് ‘തിഗള ‘ ഭക്തരും എഴുന്നെളിപ്പിന് ഒപ്പം പ്രത്യേക വേഷത്തില്‍ അണിചേര്‍ന്നു കൊണ്ടാണ് നീങ്ങുന്നത് …
‘തിഗള ‘ സമുദായമാണ് അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുന്പ് തുടക്കമിട്ടുവെന്നു കരുതപ്പെടുന്ന ഈ കരഗ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ..നൂറ്റാണ്ടുകള്‍ക്ക് മുന്പ് ബെംഗലൂരുവിലെക്ക് കുടിയേറി പാര്‍ത്ത ജനതയാണ് തിഗളന്‍മാര്‍ ..തമിഴാണ് ഇവരുടെ സംസാര ഭാഷ ..! എന്നാല്‍ ഉത്ഭവത്തെ കുറിച്ച് ചരിത്രത്തില്‍ രേഖകള്‍ ഇല്ല എന്ന് പറയുന്നതാവും ശരി ..! ‘ഉദ്യാന പാലകര്‍ ‘എന്ന പദവിയിലാണ് ഈ സമുദായം അറിയപ്പെട്ടിരുന്നത് ..’വാഹിനി കുല ക്ഷത്രിയ’ അഥവാ വീര കുമാരന്മാരുടെ പിന്തുടര്‍ച്ച എന്നും ഈ സമുദായം വിശ്വസിക്കുന്നു ..അതായത് പണ്ട് മഹാഭാരത കഥയില്‍ ദ്രൗപതിയുടെ അംഗ രക്ഷകരായ കുമാരന്മാരുടെ പിന്തുടര്‍ച്ച ..ആ കഥ ഇങ്ങനെയാണ് ..! ഒരിക്കല്‍ ത്രിപുരാസുരന്‍ എന്ന രാക്ഷസന്‍ ദ്രൌപതിയെ ശല്യം ചെയ്തപ്പോള്‍ , ശക്തി സ്വരൂപിണിയായി ദേവി ഒരു സേനയെ സൃഷ്ടിച്ചു ,അസുരന്‍ ആ സേനയാല്‍ വധിക്കപ്പെടുകയും ചെയ്തു തുടര്‍ന്ന്‍ ദ്രൗപതി അവരേ വിട്ടു പോവാന്‍ ഒരുങ്ങിയപ്പോള്‍ തങ്ങളെ ഉപേക്ഷിച്ചു മടങ്ങരുത് എന്നവര്‍ അപേക്ഷിച്ചു …എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ നിങ്ങളെ കാണാന്‍ എത്തുമെന്ന് വാക്ക് നല്‍കി അവരെ വിട്ടു പോയി ..ദേവിയുടെ ഈ സന്ദര്‍ശനമാണ് പൌര്‍ണ്ണമി നാളിലെ ആഘോഷമായി കൊണ്ടാടുന്നത് എന്ന് വിശ്വാസം …