വാമൊഴിയായി പറഞ്ഞു പഴകിയ രസകരമായ ഒരു പഴംചൊല്ല് മലയാളിക്കു വളരെ പരിചിതമാണ് …”ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്”…! ഉപമയിൽ ഇതിലും രസകരവും സൂക്ഷ്മവുമായി വിവരിക്കാൻ മറ്റു വാക്കുകൾ ചുരുക്കമാണ് …..പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്ന രണ്ടു ജീവികളുടെയും രൂപഘടനെപ്പറ്റി വരും തലമുറ നിങ്ങളോട് ചോദിച്ചാൽ ഞെട്ടണ്ട കാര്യമില്ല ..കാരണം.. ഇവയിൽ ഒന്ന് ഇപ്പോഴേ തീവ്ര നാശത്തിന്റെ വക്കിലാണ് …..
ലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഇനി കടുവയെന്നോ കണ്ടാമൃഗമെന്നോ ആയിരിക്കില്ല ആദ്യ സ്ഥാനങ്ങളിൽ ….. എട്ടുമുതൽ നൂറുസെന്റിമീറ്റർ വേറെ നീളമുള്ള, ”ഇന്റർ നാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ” (IUCN) റെഡ് ലിസ്റ്റിൽ ചേർത്ത് വെച്ച ഈ ‘സാധുവാണ്’ ……! ഈനാമ്പേച്ചി(Pangolin) അല്ലെങ്കിൽ നമ്മുടെ നാട്ടിൻപുറത്തെ ചില സ്ഥലങ്ങളിൽ പറയുന്ന ‘പൊട്ടിചക്കി’…….
അടിയന്തിരാവസ്ഥ കാലത് രസകരമായചില ‘മാധ്യമ ഗിമ്മിക്കുകൾ ‘ തന്നെ ഈ ജീവികളുടെ പേരിൽ അന്ന് നാട്ടിലെ പത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു ….രാഷ്ട്രീയം ചർച്ച ചെയ്താൽ ‘അകത്തു പോകുന്ന’ സമയത് തങ്ങളുടെ പത്രങ്ങളെ ആകർഷിക്കാൻ എവിടെയെങ്കിലും ഈനാമ്പേച്ചികളെ കണ്ടാൽ പിടിച്ചു മെയിൻ പേജിൽ തട്ടും .. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ പത്രം ഇവയെ കുറിച്ച് പരമ്പര തന്നെ ഉണ്ടാക്കിയിട്ടുണ്ട് …..അന്നൊക്കെ ഈനാമ്പേച്ചിയുടെ സുവർണ്ണകാലമായിരുന്നു ….മുൻപൊക്കെ എട്ടുതരം വിഭാഗങ്ങൾ ലോകത്തിൽ പലയിടങ്ങളിലായി ധാരാളം കാണപ്പെട്ടിരുന്നു ..! കൂടുതലും ഏഷ്യ ,ആഫ്രിക്ക എന്നിവിടങ്ങളിൽ ..എന്നാൽ ഇന്ന് തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിലും ആഫ്രിക്കയിലും മാത്രമാണ് കുറച്ചു കാണാൻ എങ്കിലും കാണാൻ കഴിയുന്നത് …കേരളത്തിൽ വളരെ അപൂർവം …..!
ആരെയും വിചിത്രമായി ആകർഷിക്കുന്ന രൂപം , കട്ടിയേറിയ ശല്ക്കങ്ങൾ ,കൂർത്ത നഖങ്ങൾ, ശത്രുക്കൾ വന്നാൽ ഉരുണ്ടു പന്തുപോലെ രക്ഷപെടാൻ ശ്രമിക്കുന്ന രീതി …ഇതൊക്കെ ഇവയുടെ പ്രത്യേകതകളാണ് …..എങ്ങനെയാണ് മനുഷ്യന് ഒരു തരത്തിലും ദ്രോഹമുണ്ടാക്കാത്ത ഈ ‘സസ്തനി വിഭാഗം’ ഒരു കൊടും നശീകരണത്തിന്റെ വക്കിൽ എത്തിച്ചേർന്നത് ….. ?
രണ്ടു വർഷങ്ങൾക്ക് മുൻപ് , കെനിയയിലെ നെയ്റോബിയിലുള്ള ജോമോ കെനിയാത്ത എയർപോർട്ടിൽ ഒരു വമ്പൻ പാഴ്സൽ പിടിച്ചെടുത്ത് പരിശോധിച്ച അധികൃതർ ഞെട്ടി ….രണ്ടായിരത്തിലേറെ ഈനാമ്പേച്ചികൾ …..കൂടാതെ അവയുടെ ശൽക്കങ്ങൾ പ്രേത്യേകം പാക്ക് ചെയ്തത് …ഇറച്ചി ഉണക്കിയെടുത്തത് ……!
അറിയില്ലേ ..? ചൈനയിലും വിയറ്റ്നാമിലുമൊക്കെ റസ്റ്റോറേറ്റുകളിൽ വിശിഷ്ട ഭോജ്യമാണ് ഈനാമ്പേച്ചിയുടെ ഇറച്ചി …..! അവിടുത്തെ മാർക്കറ്റുകളിൽ ഇവയുടെ ഇറച്ചിക്ക് ഡോളർ ഇനത്തിൽ നോക്കിയാൽ മൂന്നൂറിലേറെ വരും കിലോഗ്രാമിന് …..അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായ ചില ഇടങ്ങളിൽ പ്രചരിക്കുന്നത് ഇവയുടെ ശല്ക്കങ്ങൾ ഉണക്കി പൊടിച്ചു പാലിൽ ചേർത്ത് കഴിച്ചാൽ ലൈംഗീക ഉണർവിന്റെ പാരമ്യതയിൽ എത്തുമെന്നാണത്രെ ……കൂടാതെ ഇവയ്ക്ക് കാൻസർ വരെ ഭേദമാക്കാനുള്ള ശക്തി ഉണ്ട് പോലും ……വളരെ വിചിത്രമായ ഈ കഥ പ്രചരിപ്പിച്ചത് ഒരു കോടീശ്വരന്റെ’ കാൻസർ രോഗം ‘ ഇത് ഉപയോഗിച്ചത് മൂലം പൂർണമായും ഭേദമായി എന്ന ‘കരക്കമ്പി’ ആയിരുന്നു …കാഠിന്യമേറിയ ഈ ശല്ക്കങ്ങൾ തന്നേയാണ് ഈനാമ്പേച്ചിയുടെ ശരീര പ്രകൃതിയിൽ ഏറ്റവും ആദ്യം ശ്രദ്ദിക്കപ്പെടുന്നത് …എന്നാൽ യഥാർത്ഥത്തിൽ നമ്മുടെയും നാൽക്കാലികളുടെയും നഖങ്ങളിലും കണ്ടാമൃഗത്തിന്റെയുമൊക്കെ കൊമ്പിലുമടങ്ങിയിരിക്കുന്ന ‘കെരാറ്റിൻ’ എന്ന രാസവസ്തുവല്ലാതെ മറ്റൊന്നും ഇതുവരെ ഇതിൽ തെളിയിക്കപ്പെട്ടിട്ടില്ല …. ഈ ‘പാവങ്ങളുടെ’ കഷ്ടകാലം തുടങ്ങുന്നത് ഇറച്ചിയുടെ പ്രിയം മൂലമെന്ന് പറയേണ്ടി വരും ….രുചിയേക്കാൾ വിശിഷ്ട ഭോജ്യം ബന്ധപ്പെട്ടു കിടക്കുന്ന ആഘോഷങ്ങളിലും, ആഭിചാരങ്ങളിലുമൊക്കെ ഈനാമ്പേച്ചി ഒരു രക്തസാക്ഷിയെപോലെ വഴങ്ങി കൊണ്ടുക്കേണ്ടി വന്നു ….
സാർവത്രികമായി മലയാളികൾ അംഗീകരിച്ചു നൽകിയ ഒരു പേരുണ്ട് ഇവയ്ക്ക് ..’ഉറുമ്പു തീനികൾ’….അല്ലെങ്കിൽ അളുങ്കുകൾ …!
രാത്രി മാത്രം ഇര പിടിക്കുന്ന ശീലമുള്ള ഇവയ്ക്ക് …അപാര ഘ്രാണ ശക്തിയാണ് …!എപ്പോഴും ജലാംശം നിറഞ്ഞ വായ്ക്കുള്ളിൽ ശരീരത്തിന്റെ പകുതിയോളം നീട്ടി ഇരപിടിക്കാനുള്ള നാവു പലവിധത്തിൽ സഹായമാകുന്നു ..ഉറുമ്പുകൾ ,പുഴുക്കൾ ,ഇവയുടെ മുട്ട ,ചിതൽ തുടങ്ങി ആസ്വദിച്ചു ആഹരികുന്ന ഇവയ്ക്ക് ഏറ്റവും ഇഷ്ടമേതെന്നു ചോദിച്ചാൽ അത് പുളിയുറുമ്പുകൾ തന്നെയെന്നു പറയേണ്ടി വരും …ഈനാമ്പേച്ചിക്ക് പക്ഷെ പല്ലുകളില്ല ……! നീളമുള്ള പശ പോലെയുള്ള ഒരു ദ്രാവകം പുറപ്പെടുവിക്കുന്ന നാവു ആണ് ഇരപിടുത്തതിനു ഉപയോഗിക്കുന്നത് .
ഉറുമ്പുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഫോർമിക് ആസിഡ് ഈനാമ്പേച്ചിയുടെ ജീവിതത്തിനു അത്യാവശ്യ ഘടകമാണ് ….മണ്ണിൽ ആഴമുള്ള കുഴികൾ കുഴിച്ചാണ് ഇവയുടെ മാളങ്ങൾ നിർമ്മിക്കുന്നത് ..ഈ കുഴികൾക്ക് നാലു മുതൽ എട്ടു മീറ്റർ വരെ ആഴവുമുണ്ടാകും …ഒറ്റപ്രസവത്തിൽ രണ്ടു അല്ലെങ്കിൽ മൂന്നു കുഞ്ഞുങ്ങൾ …ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന വിഭാഗത്തിന് ഒരുകുഞ്ഞാണ് പ്രത്യുല്പാദന ശേഷി …ആപത്തുണ്ടായാൽ കുഞ്ഞിനെ മാറോടു ചേർത്ത്, തല വാലിനടിയിൽ ഒളിച്ചു ചുരുണ്ടു കൂടി രക്ഷപെടുന്ന ഈ നിഷ്കളങ്ക രീതി പക്ഷെ മനുഷ്യൻ എന്ന കുശാഗ്ര ബുദ്ധിക്കു മുൻപിൽ എത്രത്തോളമാണ് ഫലവത്താകുന്നത് അല്ലെ ..?
ഫിലേഡേറ്റ വിഭാഗത്തിൽ ‘മാനിടെ’ എന്ന വിഭാഗവും അതിൽ എട്ടു ജാതികളുള്ള മാനിസ് എന്ന ജനുസ്സും മാത്രമേ ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നുള്ളൂ …..ബാക്കിയൊക്കെ വേരറ്റു പോയി ….ഏഷ്യ ആഫ്രിക്ക കൂടാതെ യൂറോപ്പും ഈ പാവങ്ങളുടെ ശവപ്പറമ്പ് ആയപ്പോൾ ഒടുവിൽ ഐക്യരാഷ്ട്ര സഭയ്ക്ക് ഇടപടേണ്ടി വന്നു …ആഗോളതലത്തിൽ ഇവയുടെ വ്യാപാരം നിരോധിക്കാൻ ഒരു വര്ഷം മുൻപ് ജൊഹാന്നസ്ബർഗിൽ ചേർന്ന യു എൻ യോഗത്തിൽ ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടു …അതായത് …International trade in endangered species ആദ്യ ശ്രേണിയിൽ’ അനുബന്ധം ഒന്നിൽ’ ഈനാമ്പേച്ചിയെ ഉൾപ്പെടുത്തി …ഇനി വേട്ടയോ വ്യാപാരമോ തുടർന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഠിന ശിക്ഷ തന്നെ …വാണിജ്യ ആവശ്യങ്ങൾക്ക് പോലും ജീവനോടെയോ അല്ലാതയോ ഉള്ള വിപണനം പൂർണമായും നിരോധിച്ചു ..ഇത് സംബ്ബന്ധിച്ചു എല്ലാ രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവെച്ചു …..രാജ്യാന്തര തലത്തിലെ ഈ കരാർ നിലനിൽക്കുന്നിടത്തോളം ശിക്ഷയിൽ നിന്ന് ‘ഊരിപോകൽ’ ഒരു വൻ കടമ്പ തന്നെ …….
അല്ലെങ്കിലും കാട് വെട്ടി തെളിച്ചു നഗര വത്കരണത്തിനു മുന്നേറുന്ന സ്വാർത്ഥനായ മനുഷ്യനോട്, പരിസ്ഥിതിയുടെ നിലനിൽപ്പിനു ആവശ്യമായ ഇങ്ങനെയുള്ള ചെറു ജീവികളെ കുറിച്ച് നിയമകവചം കൊണ്ടുള്ള വിശദീകരണം തന്നെയാണ് എന്തുകൊണ്ടും നല്ലത് …വരും തലമുറയ്ക്ക് ഒരു ജീവിയുടെ പരിചയപ്പെടുത്തലിനേക്കാൾ ആവാസ ശൃഖലയുടെ ഗുണങ്ങൾ തന്നെയാണ് പകർന്നു നൽകേണ്ടത് …….ഏതെങ്കിലും വിധത്തിൽ നമ്മുടെ ചുറ്റുവട്ടത് എത്തിപ്പെട്ടാൽ കൊല്ലാതെ വനം വകുപ്പിന്റെ സഹായം തേടി …കാട്ടിലേക്കു തന്നെ അയയ്ക്കുക ….പരിസ്ഥിതിയുടെ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ജീവിയെന്ന നിലയ്ക്ക് മൃഗശാലയിലും മറ്റുമെത്തിച്ചാൽ ആയുർദൈർഖ്യം വളരെ കുറവാണു …….