ബെംഗളൂരു : ലിംഗായത്തുകൾക്കു ന്യൂനപക്ഷ പദവി നൽകണമെന്ന നിർദേശം കേന്ദ്രത്തിനു സമർപ്പിക്കരുതെന്ന ആവശ്യവുമായി വീരശൈവ സന്യാസിമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ന്യൂനപക്ഷപദവിക്കുള്ള നീക്കവുമായി മുന്നോട്ടുപോയാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അവർ വ്യക്തമാക്കി.
ലിംഗായത്ത് മതരൂപീകരണത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണു ചന്ദ്രശേഖര ശിവാചാര്യ സ്വാമിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ലിംഗായത്തുകൾ ഹിന്ദുമതത്തിനു പുറത്തു പോകേണ്ടെന്ന അഭിപ്രായമുള്ള വീശൈവ പഞ്ചപീഠ, വിരക്ത മഠങ്ങളുടെ പ്രതിനിധികളാണിവർ.
അതിനിടെ, ഈ വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ സമിതിക്കു കീഴിൽ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എച്ച്.എൻ.നാഗമോഹൻ ദാസ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ കർണാടക ഹൈക്കോടതി പരിഗണിച്ചു.
നാഗമോഹൻദാസ് റിപ്പോർട്ടിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി ബുധനാഴ്ച മന്ത്രിസഭാ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒത്തുതീർപ്പുണ്ടാകാത്തതിനെ തുടർന്നു മാറ്റിവച്ചു. മന്ത്രിമാർക്കിടയിൽ തന്നെ അനുകൂലിച്ചും എതിർത്തും രണ്ടു വിഭാഗങ്ങളുള്ളതാണ് സർക്കാരിനെ വലയ്ക്കുന്നത്. എടുത്തുചാടി തീരുമാനമെടുക്കരുതെന്ന് എഐസിസി നേതൃത്വവും സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.