ബെംഗളൂരു : ബിഎംടിസിയുടെ ഇലക്ട്രിക് ബസുകൾ അടുത്തയാഴ്ച സർവീസ് തുടങ്ങുമെന്നു ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. 40 ബസുകളാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറങ്ങുക. പരിസ്ഥിതി സൗഹാർദം, കുറഞ്ഞ ഇന്ധനച്ചെലവ് എന്നിവയാണ് ഇ–ബസുകളുടെ പ്രധാന നേട്ടങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇ–ബസ് സർവീസ് തുടങ്ങാൻ ഹൈദരാബാദിലെ ‘ഗോൾഡ് സ്റ്റോൺ’ എന്ന കമ്പനിയുമായി ബിഎംടിസി കരാറിലെത്തിയിരുന്നു.
150 ഇ–ബസുകളിൽ 40 എണ്ണമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഇതിനായി 80 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപിക്കേണ്ടത്. ഒരു കിലോമീറ്റർ സർവീസ് നടത്താൻ 37.5 രൂപയാണ് കമ്പനിക്കു ബിഎംടിസി നൽകുക. വൈദ്യുതി ചാർജ്, കണ്ടക്ടറുടെ ശമ്പളം, നികുതി എന്നിവയ്ക്കു പുറമെയാണിത്. ബിഎംടിസിയുടെ എസി വോൾവോ ബസുകളുടേതിനു സമാനമായിരിക്കും ഇ–ബസുകളിലെ ടിക്കറ്റ് നിരക്ക്.