നഗരത്തിലെ 85 സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി ചാർജിങ് പോയിന്റുകൾ ആരംഭിക്കുമെന്നു ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. പകൽ ചാർജ് ചെയ്യാൻ യൂണിറ്റിനു 4.5 രൂപയും രാത്രി നാലു രൂപയും ആണു ബെസ്കോം ശുപാർശ ചെയ്തിരിക്കുന്ന നിരക്ക്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ബൈക്ക്, കാർ, ഓട്ടോറിക്ഷ എന്നിവ ചാർജ് ചെയ്യാനുള്ള സൗകര്യമാണു ചാർജിങ് പോയിന്റുകളിൽ ആരംഭിക്കുന്നത്.
നഗരത്തിലെ രൂക്ഷമായ വായുമലിനീകരണത്തിനു പരിഹാരമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാർജിങ് പോയിന്റുകൾ ആരംഭിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഇ ബൈക്ക് സർവീസുകളും ഈ മാസം തന്നെ ആരംഭിക്കും. നഗരത്തിൽ നിലവിൽ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് കാബ് സർവീസും നടത്തുന്നുണ്ട്.
നഗരത്തിൽ 72 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്തതിൽ പതിനായിരത്തിൽ താഴെ മാത്രമാണു ഇലക്ട്രിക് വാഹനങ്ങൾ. ബിഎംടിസി സ്വകാര്യ കമ്പനികളുമായി വാടക കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ് സർവീസ് തുടങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തോടെ 50 ഇലക്ട്രിക് ബസുകളാണു നിരത്തിലിറങ്ങുക.