ന്യൂഡല്‍ഹി: അനധികൃതമായി അവധിയില്‍ പോയ ജീവനക്കാരെ പുറത്താക്കാനൊരുങ്ങി റയില്‍വേ. 13,000 പേരെ സർവീസിൽനിന്നു പുറത്താക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കേന്ദ്ര റയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ നിർദേശത്തെ തുടർന്നാണു ‘അവധിക്കാരെ’ തിരഞ്ഞുപിടിച്ച് പുറത്താക്കുന്നത്.
ആകെയുള്ള 13 ലക്ഷം ജീവനക്കാരിൽ 13,000ത്തിൽ അധികം പേർ ദീർഘകാലമായി അവധിയിലാണെന്നു പരിശോധനയിൽ കണ്ടെത്തി. പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ നിയമനം നടത്താനുമാകുന്നില്ല.
ട്രെയിൻ സർവീസ് ഉൾപ്പെടെ റയിൽവേയുടെ പല ജോലികളും താളം തെറ്റിക്കുന്നതിൽ അവധിക്കാർക്കു ‘പങ്കു’ണ്ടെന്നാണു നിഗമനം. സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരാണു വേണ്ടതെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും റയിൽവേ അറിയിച്ചു.