ബെംഗളൂരു : ബ്രിഗേഡ് റോഡിനു പിന്നാലെ കൊമേഴ്സ്യൽ സ്ട്രീറ്റിലും ഗരുഡാമാളിലും വനിതകൾക്കു വാഹന പാർക്കിങ്ങിൽ 20% സംവരണം. മന്ത്രി റോഷൻ ബെയ്ഗ് ഉദ്ഘാടനം നിർവഹിച്ചു. ബ്രിഗേഡ് റോഡിലേതുപോലെ ഡ്രൈവർക്കു തനിയെ കൈകാര്യം ചെയ്യാവുന്ന ഓട്ടമേറ്റ് പാർക്കിങ് സംവിധാനമാണ് ഇവിടെയും ഏർപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യുടെ മേൽനോട്ടത്തിൽ വനിതകൾക്കു മാത്രമായുള്ള പാർക്കിങ് സംവിധാനം നഗരത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്, യശ്വന്ത്പുര ബിബിഎംപി കോംപ്ലക്സ്, രാരാജിനഗർ ആർടിഒ കോംപ്ലക്സ്, കെആർ മാർക്കറ്റ്, മഹാരാജ കെംപെഗൗഡ കോംപ്ലക്സ്, ജയനഗർ ഷോപ്പിങ് കോംപ്ലക്സ്, ജെസി റോഡ് മൾട്ടിലെവൽ പാർക്കിങ് എന്നിവിടങ്ങളിലും അധികം വൈകാതെ വനിതകൾക്കു മാത്രമായി വാഹന പാർക്കിങ് സംവിധാനം നിലവിൽവരും.