എങ്കിലും ഏതാനും ആഴ്ചകൾ കൂടിയേ വേണ്ടിവരൂവെന്നു ബെംഗളൂരു പ്രസ് ക്ലബും റിപ്പോർട്ടേഴ്സ് ഗിൽഡും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷ് പത്രികെ എഡിറ്ററായ ഗൗരി ലങ്കേഷ് സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് വെടിയേറ്റു മരിച്ചത്.
കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച എസ്ഐടി രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും വീടിനു സമീപത്തു നിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ 14നു പുറത്തുവിട്ടിരുന്നു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കു 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നു പ്രതിപക്ഷത്തെ നേരിടാൻ ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നു മന്ത്രി രാമലിംഗറെഡ്ഡി ആരോപിച്ചു. എല്ലാം അധികാരവും ഒരാളിൽ കേന്ദ്രീകരിക്കുന്ന സ്വേച്ഛാധിപത്യ സർക്കാർ ഭരിക്കുന്ന രാജ്യത്ത് ഇതാണു സംഭവിക്കുക. യുപിഎ ഭരണകാലത്ത് കാണാത്ത കാഴ്ചകളാണിതെല്ലാം.
തന്റെയും കുടുംബാംഗങ്ങളുടെയും വിശ്വസ്തരുടെയും ഫോൺവിളികൾ ചോർത്തിയെന്ന മന്ത്രി എം.ബി. പാട്ടീലിന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും രാമലിംഗ റെഡ്ഡി പറഞ്ഞു. ഫോൺ ചോർത്തുകയും താൻ എവിടെ പോയാലും പിന്തുടരുകയും ചെയ്യുന്നതായി ഊർജമന്ത്രി ഡി.കെ. ശിവകുമാറും ആരോപിച്ചിരുന്നു.
ജോർജ് രാജിവയ്ക്കേണ്ടതില്ല ഡിവൈഎസ്പി എം.കെ.ഗണപതിയുടെ ആത്മഹത്യക്കേസിൽ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തു എന്നതിന്റെ പേരിൽ ബെംഗളൂരു വികസനമന്ത്രി കെ.ജെ. ജോർജ് രാജിവയ്ക്കേണ്ടതില്ലെന്നു രാമലിംഗറെഡ്ഡി പറഞ്ഞു. മുൻപ് ഇതേ കേസിൽ സിഐഡി അന്വേഷണം നടക്കുമ്പോൾ ജോർജ് രാജിവച്ചിരുന്നു. അതിനാൽ വീണ്ടും രാജിവയ്ക്കേണ്ടതില്ല. ഇക്കാര്യത്തിൽ ബിജെപി സർക്കാരിന്റെ ആവശ്യം രാഷ്ട്രീയപ്രേരിതമാണ്.
∙ കോൺഗ്രസ് അധികാരം നിലനിർത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 50ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്നു രാമലിംഗറെഡ്ഡി പറഞ്ഞു. സമീപകാലത്ത് ബെംഗളൂരു സന്ദർശിച്ച ബിജെപി ദേശീയാധ്യക്ഷൻ അമിത്‌ഷായ്ക്ക് പാർട്ടിയുടെ ദയനീയ സാഹചര്യം സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതിനാലാണ് തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ബിജെപി റാലികളും പ്രതിഷേധങ്ങളും നടത്തുന്നത്. 125ൽ അധികം സീറ്റ് നേടി കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
∙ സിദ്ധരാമയ്യയ്ക്കു പിന്തുണ അധികാരം നിലനിർത്തിയാൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ രാമലിംഗറെഡ്ഡി പരോക്ഷമായി പിന്തുണച്ചു. താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ആരാണോ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അദ്ദേഹം തന്നെയായിരിക്കും തിരഞ്ഞെടുപ്പ് ജയിക്കുമ്പോഴും ഒന്നാമൻ.
മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ ഭിന്നത നിലനിൽക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് എസ്.ആർ. പാട്ടീൽ, മന്ത്രി എം.ബി. പാട്ടീൽ തുടങ്ങിയ നേതാക്കൾക്കു പിന്നാലെ രാമലിംഗറെഡ്ഡിയും സിദ്ധരാമയ്യയെ പിന്തുണച്ച് രംഗത്തെത്തിയത്.
∙ മകളും മൽസരിച്ചേക്കാം ഹൈക്കമാൻഡ് അനുവദിച്ചാൽ മകൾ സൗമ്യ അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു രാമലിംഗറെഡ്ഡി പറഞ്ഞു. സാമൂഹിക പ്രവർത്തകയായ മകൾക്കു ടിക്കറ്റ് ലഭിച്ചാൽ മൽസരിക്കും. ഇല്ലെങ്കിൽ പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിക്കും.