ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധം സംബന്ധിച്ച അന്വേഷണത്തിൽ ചില പുരോഗതി ഉണ്ടായതായി ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി. എന്നാൽ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കാനോ ഇതിന് സമയപരിധി നിശ്ചയിക്കാനോ സാധിക്കില്ല. 21 അംഗ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ഈ കേസ് മാത്രമാണ് അന്വേഷിക്കുന്നതെന്നും അവർ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ ഘാതകരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു തന്നെ വീട്ടിൽ സന്ദർശിച്ച ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷിനു ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിളിച്ചിരുന്നു. കുറ്റവാളികൾ എത്രയും വേഗം പിടിയിലാകുമെന്ന് ഉറപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായി സിദ്ധരാമയ്യ പറഞ്ഞു. കേസ് സിബിഐയ്ക്കു കൈമാറരുതെന്ന് മുഖ്യമന്ത്രിയെ വസതിയിൽ സന്ദർശിച്ച ഇന്ദിരാ ലങ്കേഷ് ആവശ്യപ്പെട്ടതായാണ് വിവരം.
കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിനു തയാറാണെന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഗൗരിയുടെ സഹോദരങ്ങൾക്കും കേസ് ആരന്വേഷിക്കണം എന്ന കാര്യത്തിൽ പ്രത്യേക നിർബന്ധം ഉണ്ടായിരുന്നില്ല. സിബിഐ പോലെ ഏതെങ്കിലും പ്രത്യേക ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടില്ലെന്നു ജെഡിഎസ് സംസ്ഥാനാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കുകയാണ് വേണ്ടത്. ഈ കേസിലെങ്കിലും സത്യം പുറത്തു കൊണ്ടുവരണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.