ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് യോഗ്യത ഇല്ലാത്തതിനാല്‍:മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത് അദ്ദേഹം യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കണ്ടതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അല്ലാതെ ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഇപ്പോള്‍ സെന്‍‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ യോഗ്യതയില്ലാ എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ജിഷ കേസിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതെന്നായിരുന്നു ആരോപണം. എന്നാൽ ഇത് തിരുത്തിയാണ് മുഖ്യമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ
സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താല്‍ പോലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ, സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കള്‍ പ്രതികളായ കൊലപാതക കേസുകളില്‍ സ്വീകരിച്ച കര്‍ശന നിലപാടില്‍ പക തീര്‍ക്കാനാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് സെന്‍കുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികളായ കൊലപാതക കേസുകളിലെ അന്വേഷണമാണ് പ്രതികാര നടപടിക്ക് കാരണമെന്നും ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ ഭയം പൂണ്ട സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

സിപിഎമ്മുമായി ബന്ധമുള്ളവര്‍ പ്രതികളായ കൊലപാതക കേസുകളില്‍ നിര്‍ഭയമായും സത്യസന്ധമായുമാണ് അന്വേഷണം നടത്തിയത്. ഇത് സിപിഎം കേന്ദ്രങ്ങളെ വന്‍തോതില്‍ ഭയപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് വിഭാഗം എഡിജിപി ആയിരിക്കെ തന്റെ സഹായത്തോടെയാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ മുഴുവനും അറസ്റ്റ് ചെയ്തത്. നിലവിലെ ഇടതു സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായവരെല്ലാം. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെയും കതിരൂര്‍ മനോജ് വധക്കേസിലെയും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ മുന്‍കൈ എടുത്തത് തന്റെ നേതൃത്വത്തിലാണ്.

ആര്‍എസ്എസ് നേതാവായ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തന്നെ ഡിജിപി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള പ്രധാന കാരണം. താന്‍ ഡിജിപിയായിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. തന്നെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ ശേഷം കഴിഞ്ഞ എട്ടുമാസത്തിനിടെ എട്ടോ ഒന്‍പതോ കൊലപാതകങ്ങള്‍ നടന്നു, സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ തനിക്ക് വീഴ്ചയുണ്ടായെന്ന് വരുത്താനായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയലില്‍ കൃത്രിമം കാണിച്ചെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us