ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി നാളെക്കൂടി മാത്രം. ഡിസംബര്‍ 15 വരെ അനുമതി നല്‍കിയിരുന്നെങ്കിലും പത്താം തീയതിയിലേക്ക് വെട്ടിച്ചുരുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പൊതുഗതാഗത സംവിധാനങ്ങളായ റെയില്‍വേ, മെട്രോ, സര്‍ക്കാര്‍ ബസ്സുകള്‍, എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാന ടിക്കറ്റുകള്‍, റെയില്‍വേ കേറ്ററിംഗ് എന്നിവയ്ക്ക് പഴയ നോട്ടുകള്‍ 10ന് അര്‍ദ്ധരാത്രി വരെ മാത്രം ഉപയോഗിക്കാം.
നവംബര്‍ 8ന് പഴയ 5000, 1000 രൂപ നോട്ടുകള്‍ നിരോധിച്ചെങ്കിലും അവശ്യ സേവനങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആയിരം രൂപാ നോട്ടുകള്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഡിസംബര്‍ 2ന് അവസാനിപ്പിച്ചിരുന്നു.
പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകള്‍ അച്ചടിക്കുന്നതിനൊപ്പം നൂറ്, അമ്പത്, ഇരുപത് തുടങ്ങിയ ചെറിയ മൂല്യമുള്ള നോട്ടുകളുടെ അച്ചടിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതിനായി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ പടിപാടിയായി ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.