നഗരത്തിൽ തലയുയർത്തി നിൽക്കുന്ന ശിൽപ കാവ്യത്തിന് 60 വയസ്സ്;വിധാന്‍ സൌധയുടെ വജ്രജൂബിലി ആഘോഷം ഇന്ന്;രാഷ്‌ട്രപതി നഗരത്തിലെത്തി.

ദേവസ്പർശമേറ്റ ശിൽപകാവ്യം പോലെ വിധാൻസൗധ. കർണാടകയുടെ ഭരണസിരാകേന്ദ്രമായ ഈ വാസ്തുശിൽപ വിസ്മയത്തിനു മുന്നിൽ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു; ‘Government’s Work is God’s Work’ – ഭരണകൂടത്തിന്റേതു ദൈവതുല്യ ജോലിയെന്ന്.മറ്റ് ഇന്ത്യൻ നഗരങ്ങളെ പോലെ, ചരിത്രത്തിൽ ഇടം നേടിയ മഹാമന്ദിരങ്ങൾ ഏറെയൊന്നും ബെംഗളൂരുവിനു സ്വന്തമായില്ല. എന്നാൽ ഗ്രാനൈറ്റിൽ കൊത്തിവച്ചിരിക്കുന്ന വിധാൻസൗധയെന്ന കാവ്യശിൽപം ഒന്നുമതി ബെംഗളൂരുവിനു കൽപാന്തകാലത്തോളം അഭിമാനിക്കാൻ.

പൗരാണികവും ആധുനികവുമായ വാസ്തുഭംഗി സമ്മേളിച്ചിരിക്കുന്നു ഇവിടെ. 1951 ജൂലൈ 13നു മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇതിനു തറക്കല്ലിടുമ്പോൾ പറഞ്ഞു- ‘കേവലം സഭാചർച്ചകൾക്കായൊരു മന്ദിരമല്ല, രാജ്യത്തിനു സമർപ്പിക്കാനാകുന്ന ദേവസ്ഥാനമാകണം ഇത്’. കർണാടകയുടെ ആദിരൂപമായ മൈസൂർ സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതാപപാരമ്പര്യങ്ങളുടെ ഗാംഭീര്യം ചോരാതെ, നവദ്രാവിഡ ശൈലിയിൽ വിധാൻസൗധയുടെ നിർമാണം പൂർത്തിയാക്കിയത് 1956ലാണ്. സർക്കാരുകൾ ഏറെ വന്നുപോയി. രാഷ്ട്രീയകലഹങ്ങൾക്കും സമവാക്യങ്ങൾക്കും സാക്ഷ്യംവഹിച്ച് അറുപതു വർഷങ്ങൾ പിന്നിട്ട് ഈ മഹാസൗധം വജ്ര ജൂബിലി പ്രഭയിൽ.

സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി കെങ്കൽ ഹനുമന്തയ്യയുടെ ഭരണത്തിൻകീഴിലാണ് 60 ഏക്കറിൽ വിധാൻസൗധയുടെ നിർമാണം. ബെംഗളൂരു സന്ദർശിച്ച റഷ്യൻ പ്രതിനിധി സംഘം, ഈ നഗരത്തിനു സ്വന്തമായി സ്മാരകമന്ദിരങ്ങളൊന്നുമില്ലേ എന്നു ഹനുമന്തയ്യയോടു ചോദിച്ചിടത്തു നിന്നാണു വിധാൻസൗധയ്ക്കു വിത്തിട്ടതെന്നു ചരിത്രം. യുഎസിലെ വാഷിങ്ടൻ പോലെ, ലണ്ടനിലെ ഹൗസ് ഓഫ് കോമൺസ് പോലെ ഭരണസാരഥ്യങ്ങൾക്കു മേൽ ജനതയുടെ പരമാധികാരം വിളിച്ചോതുന്ന ഭരണമന്ദിരമായിരിക്കണം.

കെട്ടിടത്തിന്റെ സ്വഭാവം ഒറ്റക്കാഴ്ചയിൽ വ്യക്തമായിരിക്കണം. തനതു പ്രഭാവമുണ്ടായിരിക്കണം- ഇതൊക്കെയായിരുന്നു ഹനുമന്തയ്യയുടെ സങ്കൽപം. ഇതു സാർഥകമാകുംവിധം 1950ൽ ബി.ഐ. മാണിക്കം രൂപകൽപന നിർവഹിച്ചു.ബെംഗളൂരുവിന്റെ പരിസരപ്രദേശങ്ങളിൽ നിന്നുതന്നെയുള്ള ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചു നിർമാണം.

മല്ലസന്ദ്രയിൽ നിന്നു ചന്ദനനിറത്തിലും ബെത്തഹലസൂരു, ആരേഹള്ളി, ഹെസറഘട്ട എന്നിവിടങ്ങളിൽ നിന്നു ചാരനിറത്തിലും  തുരുവേക്കരയിൽ നിന്ന് കറുപ്പിലും മാഗഡിയിൽ നിന്നു പാടലവർണത്തിലുമുള്ള (പിങ്ക്) ഗ്രാനൈറ്റുകൾ കൊണ്ട് 1.84 കോടി രൂപ ചെലവിട്ട് വിധാൻസൗധ യാർഥാർഥ്യമാക്കി. 5000 തടവുപുള്ളികളും 1500 ശിൽപവിദഗ്ധരും നിർമാണത്തിൽ  പങ്കുവഹിച്ചു. ഒരു ചീഫ് വാർഡനും 10 വാർഡർമാരും തടവുപുള്ളികളെ നിയന്ത്രിക്കാൻ രംഗത്തുണ്ടായിരുന്നു.

ദീർഘചതുരാകൃതിയിൽ 5,50,505 ചതുരശ്രയടിയിൽ നാലു നിലകളിലായി നിലനിൽക്കുന്ന വിധാൻസൗധയിൽ 172 മുറികളാണുള്ളത്. 1,32,400 ചതുരശ്രയടി വീതം മൂന്നു വിശാല നിലകൾ. മുകൾനിലയുടെ വിസ്തൃതി 1,01,165 ചതുരശ്രയടി. 700 അടി നീളം, 350 അടി വീതി, പ്രധാനമകുടം ഉൾപ്പെടെ 150 അടി ഉയരം.തെക്കു,വടക്കു ഭാഗങ്ങളിലായി, കെട്ടിടത്തിനുള്ളിലേക്ക് ശുദ്ധവായുവിനെ ആവാഹിക്കുന്ന രണ്ടു നാലുകെട്ടുകൾ.

വിശാലമായ ആർച്ചുകളും നെടുങ്കൻ തൂണുകളും, തൂണിടച്ചിത്രങ്ങളും, ചുവരിന്റെ മേൽഭാഗത്തുള്ള ചിത്രവേലകളും നയനമനോഹരം. പുതിയകാല നിർമാണ വസ്തുക്കളായ സ്റ്റീലും, കോൺക്രീറ്റും, ഗ്ലാസുമൊക്കെ ഉപയോഗിച്ചിട്ടുമുണ്ട്. നവദ്രാവിഡ ശൈലിക്കൊപ്പം ബ്രിട്ടിഷ് ഭരണകാലത്തെ ഇന്തോ-സരാസനിക് വാസ്തുവിദ്യകളുടെ സ്വാധീനവും വ്യക്തം.ഒന്നാം നിലയിൽ മധ്യഭാഗത്തായി ബാങ്ക്വറ്റ് ഹാളും നിയമസഭാ ചേംബറും. ഇവയുടെ ഉയരം 112 അടി. ഓസ്ട്രേലിയ, യുഎസ്, കാനഡ എന്നിവിടങ്ങളിലെ നിയമസഭാ മന്ദിരങ്ങളെക്കാൾ വലുതും മനോഹരവുമെന്നു ലോകസഞ്ചാരികളുടെ സാക്ഷ്യം.

ഒന്നാം നിലയിലെ നിയമസഭാ ചേംബറിലേക്കു നേരിട്ടു കയറിച്ചെല്ലാനാകുന്ന 45 വിശാല പടികളുണ്ട് വിധാൻസൗധയ്ക്കു മുന്നിൽ. മധ്യഭാഗത്ത് 60 അടി വ്യാസത്തിലുള്ള പ്രധാന മകുടത്തെ താങ്ങിനിർത്തിയിരിക്കുന്നത് എട്ടു തൂണുകളിൽ. മുന്നിലും പിന്നിലുമായി നാലെണ്ണം വീതം ചെറു മകുടങ്ങൾ.നിയമസഭാ ചേംബറിൽ 268 സീറ്റുകൾ. ഭാവിയിൽ 100 അധിക സീറ്റുകൾക്കായുള്ള സ്ഥലം മാറ്റിവച്ചിട്ടുണ്ട്. നിലവിൽ, നാമനിർദേശം ചെയ്ത ഒരാൾ ഉൾപ്പെടെ 225 എംഎൽഎമാരാണുള്ളത്.ഒന്നാം നിലയിൽ വടക്കുഭാഗത്തായാണ് നിയമനിർമാണ കൗൺസിൽ ചേംബർ. 88 അംഗങ്ങൾക്കുള്ള സീറ്റുകളുണ്ട്. നിലവിൽ 75 എംഎൽസിമാരാണുള്ളത്.

വിധാൻസൗധയുടെ പുറംമാതൃക പിൻപറ്റി തൊട്ടടുത്തായി നിർമിച്ചിരിക്കുന്ന വികാസ് സൗധ 2004 ഫെബ്രുവരി 05ന് അന്നത്തെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ സാന്നിധ്യത്തിൽ ഗവർണർ ടി.എൻ. ചതുർവേദിയാണ് ഉദ്ഘാടനം ചെയ്തത്. 2001 ഓഗസ്റ്റ് 30നാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. വിധാൻസൗധയുടെ അനെക്സ് കെട്ടിടമായ ഇതിൽ ചില മന്ത്രിമാരുടെ ഓഫിസുകളും മറ്റും പ്രവർത്തിക്കുന്നു.

വിധാൻസൗധ വജ്രജൂബിലിയോടനുബന്ധിച്ച് 25നു രാവിലെ 11നു കർണാടക നിയസഭാ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും.  25നും 26നുമായി വിവിധ ആഘോഷപരിപാടികൾ അരങ്ങേറും.മൈസൂരു സംസ്ഥാനം കർണാടകയായി പരിണമിച്ചതിന്റെ ചരിത്രസന്ധികൾ, കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും. സംസ്ഥാനത്തെ ആദ്യ മൂന്നു മുഖ്യമന്ത്രിമാരായ കെ. ചെങ്കളരായ റെഡ്ഡി, കെങ്കൽ ഹനുമന്തയ്യ, കെ. മഞ്ചപ്പ തുടങ്ങിയവരുടെ കുടുംബങ്ങളെ രാഷ്ട്രപതി ആദരിക്കും. വിധാൻസൗധയെ കുറിച്ച് ഗിരീഷ് കാസറവള്ളിയും ടി.എൻ. സീതാരാമനും നിർമിച്ച ഡോക്യുമെന്ററികളും ത്രീഡി മാപ്പിങ്ങും പ്രദർശിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us