തിരുവനന്തപുരം: ആർഎസ്എസിനെ അധിക്ഷേപിച്ചു പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്ന ഹിന്ദു ഐക്യവേദി നേതാവു പി പത്മകുമാർ തിരികെ ബിജെപിയിൽ ചേർന്നു. കെ ടി ജയകൃഷ്ണൻ അനുസ്മരണച്ചടങ്ങിലാണു തിരികെ ബിജെപിയിൽ ചേരുന്നതായി പത്മകുമാർ പ്രഖ്യാപിച്ചത്.
നാലു ദിവസം മുമ്പാണ് ആർഎസ്എസിനെയും ബിജെപിയെയും അധിക്ഷേപിച്ചു പത്മകുമാർ സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിൽ ചേരുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചത്.
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിൽ ആർഎസ്എസ്-ബിജെപി നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്നായിരുന്നു പത്മകുമാറിന്റെ വാദം. സഹകരണ പ്രസ്ഥാനങ്ങളെയും കേരള സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിവിടുന്ന ബിജെപി-ആർഎസ്എസ് നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. ഒ. രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റെയും നിലപാടുകൾ നാടിനെ സ്നേഹിക്കുന്ന ഒരു പൊതുപ്രവർത്തകനും അംഗീകരിക്കാനാവില്ല. വിഴുപ്പ് ഭാണ്ഡം പേറാൻ ഇനിയും ആവില്ല. ആർഎസ്എസ് മുന്നോട്ടുവെയ്ക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്രീയവും ആണ്. ഒ കെ വാസുവും സുധീഷ് മിന്നിയും സ്വീകരിച്ച നിലപാട് താനും സ്വീകരിക്കുകയാണെന്നുമായിരുന്നു പത്മകുമാർ അന്നു പറഞ്ഞത്.
എന്നാൽ, ഇന്നു നടന്ന കെ ടി ജയകൃഷ്ണൻ അനുസ്മരണച്ചടങ്ങിൽ മലക്കം മറിയുകയായിരുന്നു പത്മകുമാർ. ബിജെപിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച പത്മകുമാർ ഇന്നു സിപിഎമ്മിനെതിരായാണു വിമർശനം ഉന്നയിച്ചത്. നേരത്തെ, പത്മകുമാർ ബിജെപി ബന്ധം വിട്ടതിനു പിന്നാലെ സംഘപരിവാർ കേന്ദ്രങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ചിട്ടിക്കമ്പനിയിലെ കള്ളത്തരം കണ്ടുപിടിക്കാതിരിക്കാനാണു പത്മകുമാർ സിപിഎമ്മിൽ ചേർന്നതെന്ന തരത്തിൽ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ, തിരികെ ബിജെപിയിലേക്കു തന്നെ പോയ സാഹചര്യത്തിൽ ആരോപണങ്ങൾ ഉന്നയിച്ചവരുടെ നിലപാട് എന്തെന്നതു കൗതുകത്തോടെ നോക്കുകയാണു രാഷ്ട്രീയ നിരീക്ഷകരും സൈബർ ലോകവും.