ബെംഗളൂരു: മൈസൂരു വിമാനത്താവളത്തില്‍ വച്ച് സഹായിയുടെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യ. സഹായിയോടുള്ള അടുപ്പകൂടുതല്‍ കൊണ്ടാണ് അടിച്ചതെന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമായിരുന്നു സിദ്ദരാമയ്യ നല്‍കിയ വിശദീകരണം.
“നദാനഹള്ളി രവി എനിക്ക് മകനെപ്പോലെയാണ്. ഏറെ വര്‍ഷങ്ങളായി അവന്‍ എനിക്കൊപ്പമാണ്. അവന്‍റെ മാര്‍ഗനിര്‍ദേശിയായി ഞാന്‍ ഉണ്ടാവാറുണ്ട്. വാത്സല്യത്തോടെ തന്നെ ഞാന്‍ എന്‍റെ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച അവസരങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇതും അത്തരത്തില്‍ തന്നെയാണ്”, എന്നായിരുന്നു സിദ്ദരാമയ്യയുടെ വിശദീകരണം.
സഹായിയെ അടിച്ച സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത അവസരത്തിലാണ് സിദ്ദരാമയ്യ വിശദീകരണവുമായി രംഗത്തെത്തിയത്. എന്നാല്‍, സംഭവം വിവാദമാക്കരുതെന്നും തന്നെ മകനെപ്പോലെ കണ്ടാണ് അദ്ദേഹം അത്തരത്തില്‍ പെരുമാറിയതെന്നുമാണ് മര്‍ദ്ദനത്തിന് ഇരയായ നദാനഹള്ളി രവി പ്രതികരിച്ചത്!!
ഇന്നലെ ഉച്ചയോടെ മൈസൂരു വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരെ കണ്ട് മടങ്ങുകയായിരുന്ന സിദ്ദരാമയ്യയ്ക്ക് നദാനഹള്ളി രവി ഫോണ്‍ നല്‍കി. ഫോണില്‍ മറുതലയ്ക്കല്‍ ഉള്ള ആളുമായി സംസാരിക്കാന്‍ രവി ആവശ്യപ്പെട്ടപ്പോഴായിരുന്നു സിദ്ദരാമയ്യ അദ്ദേഹത്തിന്‍റെ മുഖത്തടിച്ചത്. മുഖത്തടിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിനുമുൻപും പ്രവർത്തകരോട് മോശമായി പെരുമാറിയതിന്‍റെ പേരിൽ വിവാദം ക്ഷണിച്ചുവരുത്തിയ ആളാണ് സിദ്ദരാമയ്യ. തന്‍റെ മണ്ഡലത്തിലെ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ എത്തിയ പാർട്ടി പ്രവർത്തകയോട് ദേഷ്യപ്പെടുന്നതും ദുപ്പട്ട പിടിച്ചുവലിക്കുകയും ചെയ്യുന്ന വീഡിയോ കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് ബിജെപി അദ്ദേഹത്തിന് ‘ദുശാസനൻ’ എന്ന പേര് നല്‍കിയത്!!
ഡി.കെ. ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കർണാടകയിൽ വൻരോഷമാണ് ഉയർത്തുന്നത്. ആ അവസരത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ ഒന്നടങ്കം അമ്പരപ്പിച്ച് സിദ്ദരാമയ്യയുടെ വീഡിയോ പ്രചരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.