തമിഴർക്ക് മാത്രം ജോലി’ ബെംഗളൂരുവിലെ തൊഴിൽ പരസ്യം പിൻവലിച്ച് സ്വകാര്യ കമ്പനി; കന്നഡിഗർക്ക് ഇടയിൽ പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയത് കന്നഡിഗരുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സോഷ്യൽ മീഡിയയിൽ വിമർശനവും പ്രതിഷേധവും ശക്തമായതിനെത്തുടർന്ന് വിവേചനപരമായ നിബന്ധന കമ്പനി പിൻവലിച്ചു.

ജനറൽ മാനേജരും എച്ച്ആർ ടീം ഹെഡുമായ ബാല എം. രണ്ട് ദിവസം മുൻപ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് കാരണമായത്. ബെംഗളൂരു, കോയമ്പത്തൂർ, നാമക്കൽ എന്നിവിടങ്ങളിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള അപേക്ഷകർക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നും മറ്റ് സംസ്ഥാനക്കാർ അപേക്ഷിക്കേണ്ടതില്ല എന്നുമായിരുന്നു പോസ്റ്റിലെ നിബന്ധന. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇത്തരത്തിൽ പ്രാദേശിക വിവേചനം കാണിക്കുന്നതിനെതിരെ കന്നഡ സംഘടനകളും പൊതുജനങ്ങളും കടുത്ത രോഷം പ്രകടിപ്പിച്ചു. തൊഴിൽ വകുപ്പും സംസ്ഥാന സർക്കാരും കമ്പനിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സംഭവം വൻ വിവാദമായതോടെ പോസ്റ്റിലെ അനാവശ്യ വ്യവസ്ഥയിൽ ഇളവ് വരുത്താൻ കമ്പനി നിർബന്ധിതരായി. ഈ വിഷയത്തിൽ പ്രതികരിച്ച സിദ്ദെഗൗഡ ശ്യാം പ്രസാദ് ഉൾപ്പെടെയുള്ളവർ, മുൻപും സമാനമായ രീതിയിൽ കേരള, ആന്ധ്രാ സ്വദേശികൾക്ക് മാത്രം മുൻഗണന നൽകിയുള്ള തൊഴിൽ പരസ്യങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കർണാടകയിൽ എത്രയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും കന്നഡ ഭാഷ സംസാരിക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന അമർഷവും പ്രതിഷേധക്കാർ പങ്കുവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts