കാലാവസ്ഥ അടിപൊളിയാണ്, പക്ഷേ… “ഇത്രയും നല്ല കാലാവസ്ഥ ഉണ്ടായിട്ട് എന്ത് കാര്യം?”: ബെംഗളൂരുവിൽ വന്ന് വലഞ്ഞ ടെക്കി യുവതി പറയുന്നത് ഇങ്ങനെ…; ഇൻസ്റ്റാഗ്രാമിൽ വൻ ചർച്ച!

ബെംഗളൂരു : മനോഹരമായ കാലാവസ്ഥയാണ് ബംഗളൂരു നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. എന്നാൽ നഗരത്തിലെ ദുരിതപൂർണ്ണമായ യാത്ര നൽകിയ അതൃപ്തി മറക്കാൻ ഈ തണുപ്പൻ കാലാവസ്ഥകൊണ്ടൊന്നും സാധിച്ചില്ലെന്ന് തുറന്നടിക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള ഐ.ടി ജീവനക്കാരി. ഒരു ആഴ്ചത്തെ ബംഗളൂരു സന്ദർശനത്തിനെത്തിയ ചേത്ന സിംഗ് എന്ന യുവതിയാണ് നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

നഗരത്തിലെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുക്കുന്നുണ്ടെന്ന് ചേത്ന വ്യക്തമാക്കുന്നു. റോഡുകളിൽ മണിക്കൂറുകളോളം പാഴാക്കി കളയേണ്ടി വരുന്ന സമയം നികത്താൻ ബംഗളൂരുവിലെ മികച്ച കാലാവസ്ഥയ്ക്ക് സാധിക്കുമോ എന്നാണ് യുവതി ചോദ്യമുയർത്തുന്നത്. പുറത്തിറങ്ങി നടക്കാനോ നഗരം ആസ്വദിക്കാനോ സാധിക്കാത്ത വിധം യാത്രാസമയം വില്ലനാകുമ്പോൾ നല്ല കാലാവസ്ഥ ഉണ്ടായിട്ട് എന്താണ് കാര്യമെന്നും അവർ ചോദിക്കുന്നു.

ബംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള താരതമ്യത്തിനും ഈ അനുഭവം വഴിവെച്ചു. ബംഗളൂരുവിൽ പല കാര്യങ്ങളും മികച്ചതാണെങ്കിലും അവിടുത്തെ ഗതാഗതക്കുരുക്ക് നഗരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിച്ചുവെന്നും, നിലവിലെ സാഹചര്യത്തിൽ ഹൈദരാബാദാണ് തനിക്ക് കൂടുതൽ മികച്ചതായി തോന്നുന്നതെന്നും ചേത്ന കൂട്ടിച്ചേർത്തു.

യുവതിയുടെ പോസ്റ്റ് പുറത്തുവന്നതോടെ പിന്തുണയുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് രംഗത്തെത്തിയത്. കടുത്ത ഗതാഗതക്കുരുക്ക് കാരണം തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പലരും പങ്കുവെച്ചു. ഈ താരതമ്യത്തിൽ ഹൈദരാബാദ് വിജയിച്ചുവെന്നും രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾക്ക് കാലാവസ്ഥ പരിഹാരമല്ലെന്നും ഉപയോക്താക്കൾ കുറിച്ചു. ദിവസേനയുള്ള യാത്രകൾ ഒരു നഗരത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിനെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് ഉദാഹരണമാണ് ഈ അനുഭവമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ബംഗളൂരുവിലെ ആഹ്ളാദകരമായ കാലാവസ്ഥയും അതോടൊപ്പം തന്നെ നഗരം നേരിടുന്ന മാറാത്ത ഗതാഗതക്കുരുക്കും തമ്മിലുള്ള കാലങ്ങളായുള്ള താരതമ്യ ചർച്ചകൾക്ക് ചേത്നയുടെ പോസ്റ്റ് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts