ഗണേശോത്സവത്തിന് സുരക്ഷയ്ക്ക് 3,000 പോലീസ്; ആകാശനിരീക്ഷണത്തിന് ഡ്രോണുകൾ, ശബ്ദപരിധി അളക്കാൻ മൊബൈൽ ആപ്പ്

ബെം​ഗളൂരു: 12 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി ഹുബ്ബള്ളി-ധാർവാഡ് ഇരട്ടനഗരങ്ങളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലുടനീളം അനാവശ്യ സംഭവങ്ങൾ ഒഴിവാക്കുന്നതിനും ശോഭായാത്രകൾ തടസ്സമില്ലാതെ നടത്തുന്നതിനുമായി വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധിക പൊലീസിനെയും ഇതിനായി ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

ഹോം ഗാർഡുകൾ, സി.എ.ആർ, കെ.എസ്.ആർ.പി പ്ലാറ്റൂണുകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) എന്നിവരുൾപ്പെടെ 3,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ നഗരത്തിൽ വിന്യസിക്കുന്നത്. പ്രധാനപ്പെട്ടതും അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുള്ളതുമായ മേഖലകൾ ഹുബ്ബള്ളി-ധാർവാഡ് കോർപ്പറേഷന്റെയും ട്രാഫിക് പൊലീസിന്റെയും സി.സി.ടി.വി ക്യാമറകൾ വഴി നിരന്തരം നിരീക്ഷിക്കും. ഇതിനുപുറമേ, പൊതുപരിപാടികളും വിഗ്രഹഘോഷയാത്രകളും നിരീക്ഷിക്കാൻ മുപ്പതിലധികം ഡ്രോണുകളും ഉപയോഗിക്കും. വ്യാജവാർത്തകളും വർഗീയ സൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളും തടയാൻ പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും.

ശോഭായാത്രകളും ഗതാഗതവും സുഗമമാക്കുന്നതിനായി പൊതുനിരത്തുകളിൽ ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ദൗത്യം ആരംഭിക്കും. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങളും ലൊക്കേഷനും പൊലീസിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലോ (94808 02002) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ അറിയിക്കണമെന്ന് പൊലീസ് കമ്മീഷണർ ഭൂഷൺ ബോരസെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗണേശ പന്തലുകളിൽ തീപിടുത്തം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും ഫയർ എക്സ്റ്റിംഗുഷർ, വെള്ളം, മണൽ എന്നിവ കരുതണമെന്നും സംഘടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്സവകാലത്തെ ശബ്ദമലിനീകരണം തടയാൻ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അമിത ശബ്ദമുള്ള സ്പീക്കറുകൾ, ലേസർ ലൈറ്റുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഡി.ജെ ശബ്ദപരിധി കൃത്യമായി അളക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അളവുകോലുകൾക്ക് അനുസൃതമായി കാലിബ്രേറ്റ് ചെയ്ത പ്രത്യേക മൊബൈൽ ആപ്ലിക്കേഷനാണ് പൊലീസ് ഉപയോഗിക്കുന്നത്. നിയമലംഘനം നടത്തിയാൽ ഡി.ജെ ഓപ്പറേറ്റർക്കും ശബ്ദസംവിധാനത്തിന്റെ ഉടമയ്ക്കുമെതിരെ ഒരുപോലെ കർശന നടപടിയെടുക്കുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts