മോസ്‌കോ: റഷ്യ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയും രണ്ടാം കിരീടനേട്ടത്തിനായി ഇറങ്ങുന്ന ഫ്രാന്‍സും കിരീട പ്രതീക്ഷയിലാണ്.
ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രണ്ടാം ലോകകപ്പ് നേട്ടത്തിനിറങ്ങുന്ന ഫ്രാന്‍സ് ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്കിനോട് സമനില നേടിയതൊഴിച്ചാല്‍ ആധികാരിക വിജയമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഫ്രാന്‍സിന്റേത്. ക്യാപ്റ്റനായും പരിശീലകനായും ദിദിയര്‍ ദെഷാപ്‌സ് ലോകകപ്പ് നേടുമോ എന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു.
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ അങ്ങേയറ്റത്തെ പ്രതീക്ഷയിലാണ്. ഓള്‍റൗണ്ട് മികവാണ് ഫൈനലിലും ടീമിന്റെ പ്രതീക്ഷ. തന്ത്രങ്ങളുടെ ആശാനായ കോച്ച് സ്ലാട്‌കോ ഡാലിച്ചിന്റെ സാന്നിധ്യം ക്രൊയേഷ്യയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ നടത്തുന്ന പോരാട്ടമാണ് അവരെ ഫൈനല്‍വരെ കൊണ്ടെത്തിച്ചത്.
പുതിയ ചാമ്പ്യന്‍ വരുമെന്ന് നേരത്തേ പ്രവചനങ്ങളുണ്ടായിരുന്നു. അതിനുള്ള സാധ്യത ഫൈനല്‍വിസില്‍വരെയും തുടരുന്നു. ആദ്യമായി ഫൈനലിലെത്തിയ ക്രൊയേഷ്യ ഇപ്പോള്‍ത്തന്നെ ഹീറോകളായിക്കഴിഞ്ഞു. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം അദ്ഭുതം ആവര്‍ത്തിക്കുമോ എന്നേ അറിയാനുള്ളൂ.
ഫേവറിറ്റുകള്‍ ഫ്രാന്‍സ് തന്നെയാണ്. 1998-ല്‍ ചാമ്പ്യന്‍മാരായ അവര്‍ 2006 ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോറ്റു. ഞായറാഴ്ച ജയിച്ചാല്‍ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന മൂന്നാമനാകും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ്. ബ്രസീലിന്റെ മരിയോ സഗാലോയും ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവറുമാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയത്.
2016-ലെ യൂറോകപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനുമുന്നില്‍ വീണ ഫ്രാന്‍സ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫോര്‍വേര്‍ഡ് കൈലിയന്‍ എംബാപ്പെ അവരുടെ തുറുപ്പുചീട്ടാണ്. 1958-ല്‍ പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടത്തിനരികിലാണ് ഈ കൗമാരക്കാരന്‍. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ എംബാപ്പെ രണ്ടു ഗോളുകള്‍ നേടി.
ഈ ലോകകപ്പിന്റെ സുവര്‍ണപാദുകം ആറു ഗോള്‍ നേടിയ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍ സ്വന്തമാക്കാനാണ് സാധ്യത. മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്ത് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് നേടിയേക്കാം.
1998 ലോകകപ്പിലെ സെമിഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചിരുന്നു. ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി. ഒരിക്കല്‍ക്കൂടി, ക്രൊയേഷ്യന്‍ കുതിപ്പിന് കടിഞ്ഞാണിടാന്‍ ഫ്രാന്‍സിന് കഴിയുമോ? ഈ രാവിനായ് ഇമചിമ്മാതെ കാത്തിരിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.