പുലർച്ചെ അവരെയെത്തുമ്പോൾ കൈകളിൽ കരുതൽ; നഗരസഭാ ജീവനക്കാരെ കാത്തുനിൽക്കുന്ന ബെംഗളൂരുവിലെ ‘ചൂടുചായ അമ്മ’

ബെംഗളൂരു: തിരക്കുപിടിച്ച നഗരജീവിതത്തിനിടയിൽ സഹജീവികളോടുള്ള കാരുണ്യത്തിന്റെ വേറിട്ടൊരു മാതൃകയുമായി ഒരു ബാംഗ്ലൂർ സ്വദേശിനി. പുലർച്ചെ വീട്ടിലെ മാലിന്യങ്ങളുമായി നഗരസഭാ ജീവനക്കാരെ കാത്തിരിക്കുന്നവർക്കിടയിൽ, അവർക്കായി ചൂടുചായയും ബിസ്‌ക്കറ്റുമായി കാത്തുനിൽക്കുകയാണ് ഈ വീട്ടമ്മ. വർഷങ്ങളായി ഇവർ ചെയ്തുവരുന്ന ഈ നിശബ്ദ സേവനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കുകയാണ് ഈ അമ്മ മനസ്സ്.

ഇൻസ്റ്റാഗ്രാം ഉപയോക്താവായ ജഗദീഷ് നടനള്ളി പങ്കുവെച്ച വീഡിയോയിലൂടെയാണ് മനുഷ്യത്വത്തിന്റെ ഈ മഹത്തായ ഉദാഹരണം പുറംലോകം അറിഞ്ഞത്. യാതൊരുവിധ പരസ്യപ്രചാരണങ്ങൾക്കോ പബ്ലിസിറ്റിക്കോ ആഗ്രഹിക്കാതെ, വെറും ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാണ് ഇവർ ഈ കാരുണ്യപ്രവർത്തി ചെയ്യുന്നത്.

ദിവസവും അതിരാവിലെ യൂണിഫോം ധരിച്ചെത്തുന്ന ശുചീകരണ തൊഴിലാളികൾക്ക് ചായ, കാപ്പി, ബ്രെഡ്, ബിസ്‌ക്കറ്റ്, വാഴപ്പഴം എന്നിവ നൽകുന്നത് ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. പ്രത്യേക ദിവസങ്ങളിൽ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും ഇവർ ജീവനക്കാർക്കായി ഒരുക്കാറുണ്ട്. തികച്ചും സൗഹാർദ്ദപരമായി ജീവനക്കാരുമായി സംസാരിക്കുകയും അവരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്ന ഈ സ്ത്രീ തങ്ങൾക്ക് ഒരു അമ്മയെപ്പോലെയാണെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യരോട് മാത്രമല്ല, മിണ്ടാപ്രാണികളോടും ഇവർ ഇതേ കരുണ കാണിക്കുന്നുണ്ട്. തെരുവ് നായക്കൾക്കും പൂച്ചകൾക്കും പാലും ചോറും നൽകുന്നതിനൊപ്പം, പക്ഷികൾക്കായി വീടിന്റെ ടെറസിൽ ധാന്യങ്ങളും വെള്ളവും ഇവർ കരുതിവെക്കുന്നു. പ്രദേശത്തെത്തുന്ന പച്ചക്കറി, പൂവ്, പഴം വിൽപ്പനക്കാരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിക്കുന്നത്. പലപ്പോഴും സാധനങ്ങൾ വാങ്ങാൻ ഇല്ലെങ്കിൽ പോലും, വഴിയോരക്കച്ചവടക്കാരുടെ അടുത്ത് ചെന്ന് സംസാരിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ ഇവർ മടിക്കാറില്ല.

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഈ അമ്മയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ കാഴ്ചയെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. നിശബ്ദമായി നന്മ ചെയ്യുന്ന ഇത്തരം മനുഷ്യരാണ് സമൂഹത്തിന്റെ യഥാർത്ഥ വെളിച്ചമെന്ന് ഉപയോക്താക്കൾ കമന്റുകളിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts