ബെംഗളൂരു: മഴ തുടങ്ങിയതോടെ പകര്‍ച്ച വ്യാധികളും പടര്‍ന്നുതുടങ്ങി. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 929 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് കൂടുതല്‍ പേര്‍ക്ക് (313) ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ കൊതുകു നിവാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുന്നതിനാല്‍ ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ മറ്റു മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഈതേകാലയളവില്‍ സംസ്ഥാനത്ത് 606 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രിലില്‍ മാത്രം 760 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 622 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചിട്ടുണ്ട്. ഹാവേരി ജില്ലയിലാണ് കൂടുതല്‍പേര്‍ക്ക് ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. 137 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 98 കേസുകളുമായി ചിത്രദുര്‍ഗയാണ് രണ്ടാം സ്ഥാനത്ത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ പതിവിലും അധികം മഴ പെയ്തതാണ് പകര്‍ച്ച വ്യാധികള്‍ കൂടാന്‍ കാരണമെന്ന് നാഷണല്‍ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി.ജി. പ്രകാശ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷവും ബെംഗളൂരുവില്‍ നിരവധിപേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് അഞ്ചുപേര്‍ മരിച്ചിരുന്നു. കടുത്ത ശരീര വേദനയും തളര്‍ച്ചയുമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിവസേന കൂടിവരികയാണ്. മഴക്കാലത്തിന് മുമ്പ് ഓവുചാലുകളുടേയും കനാലുകളുടേയും ശുചീകരണം പൂര്‍ത്തിയാക്കാത്തതിനാല്‍ കൊതുക് പെരുകാനുള്ള സാധ്യത കൂടുതലാണ്. കൊതുകുകളെ നശിപ്പിക്കാന്‍ ഫോഗിങ് നടത്തണമെന്ന് നഗരവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഫോഗിങ് തുടങ്ങിയിട്ടില്ല. ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബി.ബി.എം.പി. ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.