തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മർദ്ദനമേറ്റ പാടുകള്‍.
നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകള്‍ കണ്ടത്.
ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു.
ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു.
പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുൻപ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി.
പിന്നീട് സമീപത്തെ അമ്പലത്തില്‍ പോയി താലി ചാർത്തിയ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു.
ഇവർ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. സ്വന്തം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം വിവാഹശേഷം ഉണ്ടായിരുന്നില്ല.
അഭിജിത്തിൻ്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛൻ ശശിധരനും പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഭിജിത്തിൻ്റെ വീട്ടില്‍ രണ്ടാമത്തെ നിലയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.
ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് അഭിജിത്തിൻ്റെ മൊഴി.
സംഭവത്തില്‍ കൊലപാതകമെന്നടക്കം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ പരിശോധന നടത്തിയത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ കാണി പൊലീസിന് പരാതി നല്‍കി.
തൻ്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനുവും പറഞ്ഞു. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.