ബെംഗളൂരു: പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ കർണാടകയിൽ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 28% പോളിങ്. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്പേട്ട്, ഹെബ്ബാൾ എന്നിവിടങ്ങളിലെ ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിലെ പ്രശ്നം കാരണം വൈകിയാണ് വോട്ടിങ് പുനഃസ്ഥാപിക്കാനായത്. ധാർവാഡിലെ കാരാഡിഗുഡ്ഡയിൽ പോളിങ് ഓഫിസർമാർ വോട്ടർമാരോട് കോൺഗ്രസ് സ്ഥാനാർഥി വിനയ് കുൽകർണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നിൽ പ്രകടനം നടത്തി. വിജയനഗർ ഹംപിനഗറിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് ബിജെപി കോർപറേറ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലെ സിദ്ധരാമനഹുണ്ഡിയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിലും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി രാമനഗരയിലും വോട്ടു രേഖപ്പെടുത്തി. മൈസൂരു കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കന്നിവോട്ടു രേഖപ്പെടുത്തി.
കർണാടക തിരഞ്ഞെടുപ്പ് ഐക്കണും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് ഇന്ദിരാനഗറിൽ സമ്മതിദാനം രേഖപ്പെടുത്തി. ലിംഗായത്ത് പരമാചാര്യനും തുമക്കൂരു സിദ്ധഗംഗാ മഠാധിപതിയുമായ ശിവകുമാര സ്വാമിജി (111) മഠത്തിനു സമീപത്തെ ബൂത്തിൽ സ്വാമിജിമാർക്കൊപ്പമെത്തി വോട്ടു ചെയ്തു.
തിരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡേഴ്സും ഇത്തവണ സജീവം; മംഗളൂരു സൗത്ത് മണ്ഡലത്തിൽ കൂട്ടമായെത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.ബെൽത്തങ്ങാടിയിൽ വോട്ടു ചെയ്യാനെത്തിയ അണ്ണെ ആചാര്യ (70) എന്നയാൾ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു. തിരഞ്ഞെടുപ്പ് ജോലിയിലായതിനാൽ ഒട്ടേറെ ബിഎംടിസി ബസ് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഓല, ഊബർ കാബ് സർവീസുകളും വളരെ കുറവാണ്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത്കുമാർ, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പ, ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ, മകൻ എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജ്, ബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖർ, ശോഭാ കരൻഡ്‌ലാജെ, ശ്രീ ശ്രീ രവിശങ്കർ, ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തിയവരിലുണ്ട്.
രാവിലെ ഏഴു മുതൽ തുടങ്ങിയ പോളിങ് വൈകിട്ട് ആറു വരെ നീളും. വോട്ടെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളെത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്നതാകും തിരഞ്ഞെടുപ്പു വിധിയെഴുത്തെന്നാണു വിലയിരുത്തൽ.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിർദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. 2013നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം–3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യന്ത്രത്തിൽ എന്തെങ്കിലും ക്രമക്കേടു നടന്നാൽ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ മോഡൽ.
ആകെ 56,695 പോളിങ് സ്റ്റേഷനുകൾ. ഇതിൽ 450 എണ്ണം പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. മൂന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെയും നിയമിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. മേയ് 15നാണു കർണാടകയിൽ വോട്ടെണ്ണൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.