ബെംഗളൂരു : ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).
കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിച്ചതിന്റെയും ലൈസൻസുകളുടെയും പ്രദർശനമുൾപ്പെടെയുള്ള നിബന്ധനകളാണ് കോർപ്പറേഷൻ മുന്നോട്ട് വെക്കുന്നത്.
നഗരത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ തിങ്കളാഴ്ച മുതൽ ശേഖരിച്ചുതുടങ്ങും. സർവേക്കായി ഡ്രോൺ ഉപയോഗിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
കെട്ടിടനിർമാണത്തിനാവശ്യമായ എല്ലാരേഖകളും കരാറുകാർ പ്രദർശിപ്പിക്കണം. ലംഘനംനടത്തിയാൽ 117 ദിവസത്തെ സമയപരിധി നൽകിയശേഷം പിഴചുമത്താനാണ് തീരുമാനം.
ബാബുസപാളയയിൽ കെട്ടിടംതകർന്ന് ഒൻപതുപേർ മരിക്കാനിടയായ സംഭവത്തെത്തുടർന്നാണ് നിയമം കർശനമാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
ബാബുസപാളയയിൽ തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്നുനിലകൾ അനുമതിയില്ലാതെയാണ് നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ കെ. വിനയിനെയും മറ്റൊരു എൻജിനിയറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകിയിരുന്നു. അനധികൃത നിർമാണത്തിന് സോണൽ കമ്മിഷണർക്ക് നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.